സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 21 ആം തീയതി മുതല്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ കളക്‌ടര്‍മാരുമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കൂടാതെ അടുത്ത ആഴ്‌ച എല്ലാ ജില്ലകളിലും സ്‌കൂള്‍ തുറക്കല്‍ അവലോകന യോഗം ചേരാനും തീരുമാനമായി.
21 – ആം തീയതി മുതല്‍ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മലയോര, തീരദേശ മേഖലകളിലുള്ള സ്‌കൂളുകളിലെ ഹാജര്‍ നില പരിശോധിക്കും.
ഒപ്പം തന്നെ നാളെയും മറ്റന്നാളും സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
സംസ്‌ഥാനത്ത് ഇതിനോടകം തന്നെ സ്‌കൂളുകള്‍ തുറന്നെങ്കിലും ഷിഫ്റ്റ് അടിസ്‌ഥാനത്തില്‍ പകുതി വീതം കുട്ടികള്‍ക്കാണ് ക്ലാസുകള്‍ നടക്കുന്നത്. നിലവില്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് 21 – ആം തീയതി മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ തുറക്കാന്‍ തീരുമാനമായത്.