ദില്ലി: കര്‍ണ്ണാടകക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്കുന്നത്.
ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെ അയോഗ്യനാക്കിയ ഉടന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പിന്‍വലിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷന്‍. അടുത്ത മാസം പത്തിനു മുമ്ബ് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. ഇതിനൊപ്പം വയനാടും പ്രഖ്യാപിക്കാം എന്നാണ് ആലോചന. അപ്പോഴേക്കും സെഷന്‍സ് കോടതി രാഹുലിന് എന്തെങ്കിലും ഇളവ് നല്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമാകും.
സാധാരണ ഒരു മണ്ഡലത്തില്‍ ഒഴിവു വന്നാല്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടന്നാല്‍ മതി. അതായത് വയനാടിന്‍റെ കാര്യത്തില്‍ സപ്തംബര്‍ 22 വരെ സമയമുണ്ട്. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ സമയം ഉള്ളപ്പോള്‍ ലോക്സഭ സീറ്റുകള്‍ മത്സരം നടത്താതെ ഒഴിച്ചിട്ട കീഴ്വഴക്കവുമുണ്ട്. ജോസ് കെ മാണി രാജ്യസഭയിലേക്ക് മാറിയ ശേഷം കോട്ടയം ഇങ്ങനെ ഒഴിച്ചിട്ടിരുന്നു. ഉപതെരഞ്ഞെടുപ്പ് നടത്തണം എന്ന നിലപാടിലാണ് ബജെപി എന്നാണ് സൂചന. കഴിഞ്ഞ തവണ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ബിഡിജെഎസ് നേതാക്കള്‍ ബിജെപിയുമായുള്ള ചര്‍ച്ചകള്‍ക്ക് ദില്ലിയിലുണ്ട്.
ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തിടുക്കത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് കമ്മീഷന്‍റെ നീക്കമെങ്കില്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ പോകാനാണ് കോണ്‍ഗ്രസിലെ ധാരണ. ആറുമാസത്തെ സമയം നിയമം നല്കുമ്ബോള്‍ രാഹുല്‍ ഗാന്ധിയുടെ കേസില്‍ മേല്‍ക്കോടതി നടപടികള്‍ക്കായി കാത്തിരിക്കണം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയാകും കോണ്‍ഗ്രസ് ഹര്‍ജി നല്കുക.