Spread the love

ന്യൂഡൽഹി∙ യാത്രാമധ്യേ വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയയാൾ അറസ്റ്റിൽ. മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ജൂൺ 24നാണ് സംഭവം. എഐസി 866 വിമാനത്തിൽ 17എഫ് സീറ്റിലെ യാത്രികനായിരുന്ന രാം സിങ് എന്നയാളാണ് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായത്.

വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയ ഇയാൾ, അവിടെയാകെ തുപ്പി വൃത്തികേടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വിമാന ജീവനക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചതായാണ് പരാതി. തുടർന്ന് ഇയാളെ മറ്റു യാത്രികരുടെ അടുത്തുനിന്ന് മാറ്റിയിരുത്തി.

വിമാന ജീവനക്കാർ നൽകിയ വിവരം അനുസരിച്ച് പൈലറ്റ് ഇൻ കമാൻഡ് സംഭവം വിമാനക്കമ്പനിയെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താനും നിർദ്ദേശിച്ചു. രാം സിങ്ങിന്റെ പ്രവൃത്തി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി എഫ്ഐആറിൽ പറയുന്നു.

വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകി. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.

Leave a Reply