തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഉറ്റവരായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ വെളിപ്പെടുത്തലുകളുമായി പ്രതി അഫാൻ. കാമുകി ഫർസാനയെ കൊലപ്പെടുത്തിയത്, അവർ തനിച്ചാകുമെന്ന് കരുതിയാണെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. ചുറ്റിക കൊണ്ട് തലയ്ക്ക് തുടർച്ചയായി അടിച്ച് അതിക്രൂരമായാണ് ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത്.
ഫർസാനയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മുഖം വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞാണ് സംഭവം നടന്ന ദിവസം ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസം ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതായി അഫാന്റെ ബന്ധു കണ്ടിരുന്നു.
അഞ്ചൽ സെൻ്റ് ജോൺസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. വെഞ്ഞാറമൂടിലെ സ്കൂൾ പഠനകാലത്താണ് അഫാനും ഫർസാനയും പരിചയത്തിലാകുന്നത്. ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞിരുന്നെന്നും അതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച, രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിൽ മൂന്നു വീടുകളിലായാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശി സൽമാബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്.
തുടർന്നാണ് പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാനെയും ഫർസാനയെയും കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലപാതക ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.