തൊടുപുഴയില്‍ പൊലീസിനെ വെട്ടിച്ച് ലോക്കപ്പില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി പുഴയില്‍ മുങ്ങി മരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കോലാനി പാറക്കടവ് ഷാഫി കെ ഇബ്രാഹിം എന്ന പ്രതി ആണ് മരിച്ചത്. നവംബര്‍ 30ന് രാത്രി തൊടുപുഴയിലെ ബാറിലെത്തിയ പ്രതി മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലാണ് പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തിരുന്നത്. ഷാഫിയെ സ്റ്റേഷനിലെത്തിച്ച് ലോക്കപ്പ് ചെയ്തിരുന്നുവെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ലോക്ക് തുറന്നു പൊലീസിനെ വെട്ടിച്ച് പൊലീസ് സ്റ്റേഷന് പുറകിലൂടെ ഓടിയ ഷാഫി തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്നു. ഷാഫി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുഴയില്‍ മുങ്ങി കാണാതാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കല്ലൂര്‍ക്കാടില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തെരച്ചില്‍ നടത്തി. പ്രതി ലോക്കപ്പ് തുറന്ന് ചാടിപ്പോയ സംഭവത്തില്‍ പൊലീസുകാര്‍ക്ക് ശ്രദ്ധക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.