
.തിരുവനന്തപുരം : പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യുവിന് എതിരായ കോഴ ആരോപണത്തിൽ പ്രതികരിക്കാതെ സസ്പെൻസ് നിലനിർത്തി ആരോഗ്യമന്ത്രി വീണാ . ആരോപണങ്ങളിൽ പ്രതികരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘തീർച്ചയായിട്ടും ഉണ്ടല്ലോ, പ്രതികരണമുണ്ട്’ എന്നു മാത്രമായിരുന്നു മന്ത്രിയുടെ മറുപടി.
സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുമ്പോഴായിരുന്നു പ്രതികരണം. നാഷനൽ ആയുഷ് മിഷനിൽ ജോലിക്കു വേണ്ടി മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യുവിനു കോഴ നൽകിയെന്നു ഹരിദാസൻ കുമ്മാളിയെക്കൊണ്ടു താൻ പറയിച്ചതാണെന്ന് എഐഎസ്എഫ് മലപ്പുറം മുൻ ജില്ല പ്രസിഡന്റ് കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത് (27) സമ്മതിച്ചിരുന്നു.
ഹരിദാസനിൽനിന്നു പണം തട്ടിയെടുക്കാൻ വേണ്ടിയാണു നുണക്കഥകളെല്ലാം ചമച്ചതെന്നും കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്യലിൽ ബാസിത് മൊഴി നൽകി. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ഹോമിയോ ഡോക്ടറായി ജോലി ലഭിക്കാൻ അഖിൽ മാത്യുവിനു പണം നൽകിയെന്നതു കെട്ടുകഥയാണ്. തന്റെ നിർദേശപ്രകാരമാണു ഹരിദാസൻ ഈ ആരോപണം ഉന്നയിച്ചത്. അഖിൽ മാത്യു ഒരു ലക്ഷം രൂപ വാങ്ങിയെന്നു പരാതിയിൽ എഴുതിച്ചേർത്തതു താനായിരുന്നു. ഹരിദാസനെ വിശ്വസിപ്പിക്കാനും കൂടുതൽ തുക തട്ടിയെടുക്കാനുമാണ് ഇതൊക്കെ ചെയ്തതെന്നും ബാസിത് മൊഴി നൽകി.