ന്യൂഡൽഹി∙ സാമ്പത്തിക തർക്കത്തെ തുടർന്ന് ഡൽഹിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി കനാലിൽ തള്ളി . ഡൽഹി അസിസ്റ്റന്റ് കമ്മിഷണർ യശ്‌പാൽ സിങ്ങിന്റെ മകൻ ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച സുഹൃത്തിന്റെ വിവാഹത്തിനായി മറ്റു സുഹൃത്തുക്കളുമായി ഹരിയാനയിലേക്ക് പോയ ലക്ഷ്യയെ കാണാതായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തിറിയുന്നത്. സംഭവത്തിൽ അഭിഷേക് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിയായ വികാസ് ഭരത്വാജിനായി അന്വേഷണം തുടരുകയാണ്.
ഡൽഹി തീസ് ഹസാരി കോടതിയിലെ അഭിഭാഷകനായിരുന്നു കൊല്ലപ്പെട്ട ലക്ഷ്യ. ഇതേ കോടതിയിലെ ക്ലാർക്കാണ് പ്രതിയായ വികാസ് ഭരത്വാജ്. വികാസിൽ നിന്നും ലക്ഷ്യ പണം കടം വാങ്ങിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കഴിഞ്ഞ 22ന് സുഹൃത്തിന്റെ വിവാഹത്തിനായി ഹരിയാനയിലേക്ക് പോയ ലക്ഷ്യയോടൊപ്പം വികാസും അഭിഷേകും കൂട്ടുചേർന്നിരുന്നു. അന്നുരാത്രി തിരികെ വരുന്നതിനിടെ മുൻകൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് പാനിപ്പത്ത് മുനക് കാനാലിന് അടുത്ത് ലക്ഷ്യയെ ഇറക്കി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 40 കിലോമീറ്റർ മാറി കനാലിൽ മൃതദേഹം തള്ളി. മൃതദേഹം വീണ്ടെടുക്കുന്നതിനായി കനാലിൽ തിരച്ചിൽ തുടരുകയാണ്. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.