ന്യൂഡൽഹി: ചൊവ്വാഴ്ച രാത്രിയോടെ ഡൽഹി സർക്കാർ ഔദ്യോഗികമായി മദ്യ വിൽപനയിൽ നിന്ന് പിൻവാങ്ങും. ബുധനാഴ്ച രാവിലെ മുതൽ പുതിയ എക്സൈസ് നയം പ്രാബല്യത്തിൽ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകൾക്ക് വഴിയൊരുക്കും. ഉപഭോക്താക്കൾ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടി. 850 ഓളം പുതിയ സ്വകാര്യ മദ്യഷാപ്പുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ബുധനാഴ്ച 300 മുതൽ 350 മദ്യഷാപ്പുകൾ തുറക്കാനെ സാധ്യതയുള്ളൂ. എല്ലാ സർക്കാർ മദ്യഷാപ്പുകളും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടുകയും ലൈസൻസ് നൽകിയ എല്ലാ സ്വകാര്യഷാപ്പുകളും തുറക്കാതിരിക്കുകയും ചെയ്യുന്നതോടെ ആദ്യനാളുകളിൽ ഡൽഹിയിൽ മദ്യക്ഷാമം ഉണ്ടായേക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പുതിയ മദ്യനയത്തിൽ ഡൽഹിയിൽ32 സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ഒരു റീട്ടെയിൽ ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള 27 മദ്യശാലകൾ വീതമാണ് ഉണ്ടാകുക. തുറക്കാനിരിക്കുന്ന 850 ഓളം മദ്യഷാപ്പുകളിൽ പ്രൊവിഷണൽ ലൈസൻസ് ലഭിച്ചിരിക്കുന്നത് 350 എണ്ണത്തിന് മാത്രമാണ്. രണ്ടു മാസത്തിനകം എല്ലാ ക്ഷാമവും പരിഹരിച്ച് ഉപഭോക്താക്കൾക്ക് വളരെ സൗകര്യപ്രദമായി മദ്യം വാങ്ങാൻ കഴിയുന്ന പരിവർത്തനമാണ് നടക്കുന്നതെന്ന് ഡൽഹി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ മദ്യ നയം വരുന്നത് വരെ ഡൽഹിയിൽ 849 മദ്യഷാപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 60 ശതമാനം സർക്കാരിന്റെ ഉടമസ്ഥതയിലും 40 ശതമാനം സ്വകാര്യവുമായിരുന്നു.
അസൗകര്യങ്ങളും നടത്തിപ്പിലെ കെടുകാര്യസ്ഥതയും സംബന്ധിച്ച് ഏറെ പരാതികളുയർന്ന പശ്ചാത്തലത്തിലാണ് പുതിയ മദ്യ നയം രൂപീകരിച്ചത്. പുതിയ മദ്യ നയത്തിന് കീഴിൽ മദ്യഷാപ്പുകളുടെ മുൻവശത്തെ ഇരുമ്പ് ഗ്രില്ലുകൾ ഒഴിവാക്കാൻ നിർദേശമുണ്ട്. കൂടാതെ വാങ്ങുന്നവർക്ക് അവർക്ക് ഇഷ്ടമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാം. ഷോപ്പുകൾ വിശാലവും നല്ല വെളിച്ചമുള്ളതും എയർകണ്ടീഷൻ ചെയ്തതുമായിരിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും പ്രവർത്തനസമയം. വിമാനത്താവളത്തിനകത്തുള്ളവയക്ക്24 മണിക്കൂറും പ്രവർത്തിക്കാം.