തമിഴ്നാടിനെ വിഭജിക്കണമെന്ന ആവശ്യവുമായി വീണ്ടും ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തി. തമിഴ്നാട്ടിലെ ബിജെപി എംഎൽഎയായ നെെനർ നാഗേന്ദ്രനാണ് സംസ്ഥാനത്തെ വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. തമിഴ്നാടിനെ രണ്ടായി വിഭജിച്ചാൽ ഭരണ സൗകര്യം ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിഭജനത്തിലൂടെ കൂടുതൽ കേന്ദ്രഫണ്ട് ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിനെ രണ്ടാക്കിയാൽ കേന്ദ്ര പദ്ധതികളെല്ലാം ജനങ്ങളിലേക്കു നല്ല രീതിയിൽ എത്തിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് സംസ്ഥാനം രണ്ടായി വിഭജിച്ചാൽ ആ രണ്ടിലും മുഖ്യമന്ത്രിയാകാൻ ഭാരതീയ ജനതാ പാർട്ടിക്ക് കഴിയുമെന്നും നാഗേന്ദ്രൻ വ്യക്തമാക്കി. നിലവിൽ 234 നിയമസഭാ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്. സംസ്ഥാനത്തെ രണ്ട് വിഭജിച്ച് 117 നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന സംസ്ഥാനങ്ങളാക്കി മാറ്റണമെന്നാണ് നാഗേന്ദ്രൻ അഭിപ്രായപ്പെടുന്നത്. ഈ രണ്ടു സംസ്ഥാനങ്ങൾക്കും പേരും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തമിഴ്നാടിനെ വിഭജിച്ചു കൊങ്കുനാട് സംസ്ഥാനം രൂപീകരിക്കുമെന്ന ആവശ്യം ബിജെപി ഉയർത്തിയിരുന്നു. തമിഴ്നാടിൻ്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള കോയമ്പത്തൂര്‍,സേലം ,ഇറോഡ്,തിരുപ്പൂര്‍,നാമക്കല്‍ തുടങ്ങിയ 9 ജില്ലകള്‍ ചേര്‍ന്ന ഭാഗമാണു കൊങ്കുനാട് എന്നറിയപ്പെടുന്നത്.ഈ മേഖലയെ തമിഴ്നാട്ടില്‍ നിന്ന് അടര്‍ത്തിയെടുത്തു പ്രത്യേക സംസ്ഥാനം രൂപീകരിക്കാണമെന്ന ആവശ്യമാണ് അന്നുയർന്നത്.