Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യം, തദ്ദേശ സ്വയംഭരണം , റവന്യൂ , വിദ്യാഭ്യാസം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ, ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതിരിക്കാന്‍ കുടിവെള്ളം, ശുചിത്വം, ഡോക്‌സിസൈക്ലിന്‍ പ്രതിരോധം, കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാദ്ധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സന്നദ്ധ, രക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതാണ്. മലിനമാകാന്‍ സാദ്ധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കില്‍ മൃഗങ്ങളുടെ വിസര്‍ജ്യവുമായോ സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. പൊതു ജനങ്ങളും മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും അത് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം.
വയറിളക്ക രോഗമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകള്‍ എല്ലാം ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.

ഇന്‍ഫ്ളുവന്‍സ വൈറസ് ബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. മുതിര്‍ന്നവര്‍ക്കാണെങ്കിലും പനിയുള്ള സമയത്ത് പൊതു സമൂഹത്തില്‍ ഇടപെടാതിരിക്കുന്നത് രോഗപ്പകര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും. പനി ബാധിച്ചാല്‍ സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്.

Leave a Reply