തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. നിലവിൽ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ 20 ശതമാനത്തോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്. കോവിഡിനേക്കാൾ ജാഗ്രത വേണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.
കേരളത്തിൽ പനി ബാധിച്ച് നിലവിൽ ഒരു ദിവസം ചികിത്സ തേടുന്നത് 12,000 ത്തോളം പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ വീണ്ടും ഉയരും. ഇതിൽ 20 ശതമാനം കേസുകളും ഡെങ്കിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകൾ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ ഉയരാൻ കാരണം. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്. ഡെങ്കിയുടെ കാര്യത്തിൽ ഗുരുതര സാഹചര്യമാണെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഇതിന് മുൻപ് 2017ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടായത്.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ദിവസവും അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.