Spread the love

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി നടപ്പാക്കുമെന്നു കൃഷി മന്ത്രി പി. പ്രസാദ്. സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് കുറഞ്ഞത് പതിനായിരം കാർഷിക ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളീയരിൽ കാർഷിക സംസ്‌കാരം ഉണർത്തുക, വിഷരഹിത ഭക്ഷണ ഉത്പാദനത്തിൽ ഓരോ കേരളീയ ഭവനത്തേയും പങ്കാളിയാക്കുക, സ്ഥായിയായ കാർഷിക മേഖല സൃഷ്ടിക്കുക, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലെ മൂല്യ വർധനവ് പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക, മണ്ണിനെ സമ്പുഷ്ടമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കാർഷിക മേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോർത്തിണക്കുക, കാർഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തനതു കാർഷിക വിഭവങ്ങളെ സംരക്ഷിക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങളെന്നും മന്ത്രി പറഞ്ഞു. കർഷകർ, കർഷക തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ, റെസിഡൻസ് അസോസിയേഷനുകൾ, കുട്ടികൾ എന്നിവരുടെ ഗ്രൂപ്പുകൾ പദ്ധതിക്കായി രൂപീകരിക്കും. അഞ്ചു മുതൽ പ്ത്തു വരെ അംഗങ്ങളാകും ഒരു ഗ്രൂപ്പിൽ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കൃഷി വകുപ്പിന്റെ ധനസഹായം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽനിന്നുള്ള ധനസഹായം, ബാങ്ക് ലോൺ, സി.എസ്.ആർ. സ്പോൺസർഷിപ്പ്, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫണ്ട് തുടങ്ങിയവ പ്രയോജനപ്പെടുത്തും.

Leave a Reply