ചുമട്ടു തൊഴിലാളികൾക്ക് ചുമടുഭാരം കുറച്ച് തൊഴിൽ വകുപ്പ് ; ഈ നിയമസഭാ സമ്മേളനത്തിൽ പത്ത് ബിൽ അവതരിപ്പിച്ച് പാസാക്കി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകൾ
ഈ നിയമസഭാ സമ്മേളന കാലയളവിൽ പത്ത് ബിൽ അവതരിപ്പിച്ച് പാസാക്കി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകൾ . വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഒന്നും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ഒമ്പതും ബില്ലുകളാണ് നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയത്.
കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും (ഭേദഗതി )ബിൽ, കേരള ചുമട്ടുതൊഴിലാളി ക്ഷേമ (ഭേദഗതി )ബിൽ, കേരള ഈറ്റ- കാട്ടുവള്ളി – തഴ തൊഴിലാളി ക്ഷേമനിധി(ഭേദഗതി),ബിൽ, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി)ബിൽ, കേരള പീടിക തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി( ഭേദഗതി )ബിൽ, കേരള കർഷക തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി(ഭേദഗതി) ബിൽ), കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി ) ബിൽ, കേരള വിദ്യാഭ്യാസ (ഭേദഗതി) ബിൽ എന്നിവയാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകൾ ഈ നിയമസഭാ സമ്മേളന കാലയളവിൽ അവതരിപ്പിച്ച് പാസാക്കിയ ബില്ലുകൾ.
ചുമട്ടുതൊഴിലാളികളുടെ ചുമടു ഭാരം കുറയ്ക്കുന്നതടക്കമുള്ള നിർണായക ഭേദഗതികളാണ് സഭ പാസാക്കിയത്. 75 കിലോഗ്രാം ചുമടു ഭാരം എന്നുള്ളത് 55 കിലോഗ്രാം ആക്കിയാണ് ചുരുക്കിയത്. സ്ത്രീകൾക്കും കൗമാരക്കാർക്കുള്ള ചുമടു ഭാരം 35 കിലോ ആക്കി നിജപ്പെടുത്തി.
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷനും പുതുക്കലും ഓൺലൈനാക്കുന്ന ഭേദഗതി ബിൽ സഭ പാസാക്കി. കേരള ഈറ്റ – കാട്ടുവള്ളി – തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള തൊഴിലാളി ക്ഷേമ ബോർഡുകളിലേക്കുള്ള അംശാദായ വർദ്ധനവിനുള്ള ഭേദഗതികളും സഭ അംഗീകരിച്ചു. പീടിക തൊഴിലാളി ക്ഷേമ ബോർഡിന്റെ സ്വയം തൊഴിലാളികൾക്കുള്ള അംശാദായ വർധനവിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കി ഭേദഗതി ചെയ്തു. ഈ ഭേദഗതികൾ വഴി തൊഴിലാളിയും തൊഴിലുടമയും നൽകുന്ന അംശാദായം വർധിപ്പിക്കുകയും അതുവഴി തൊഴിലാളികൾക്ക് നൽകുന്ന വിവിധ തരം ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതികൾ കൊണ്ടുവന്നത്.
വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് കെ ഇ ആർ ഭേദഗതി ചെയ്യുന്ന കേരള വിദ്യാഭ്യാസ നിയമ (ഭേദഗതി) ബില്ലും സഭയിൽ അവതരിപ്പിച്ച് പാസാക്കി. കെ ഇ ആർ ഭേദഗതിയിലൂടെ പൊതുവിദ്യാഭ്യാസ ഏകീകരണത്തിന് മികച്ച തുടക്കം കുറിക്കാൻ വിദ്യാഭ്യാസ വകുപ്പിനായി.