Spread the love
വിരുതന്മാരെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് മോട്ടോർ വാഹന വകുപ്പ്

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ച് യാത്രചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളെ ആർ ടി ഒ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി ശാസിച്ച് മോട്ടോർ വാഹന വകുപ്പ്. ഇത്തരം അഭ്യാസങ്ങൾ മേലിൽ ആവർത്തിക്കുകയില്ലെന്ന് മാതാപിതാക്കളുടെ മുൻപിൽവെച്ച് പ്രതിജ്ഞ എടുപ്പിച്ച ശേഷമാണ് ഇവരെ മടക്കി അയച്ചത്. “ഇനി മേലിൽ ഇതാവർത്തിക്കുകയില്ല സാറേ….” അഞ്ച് വിരുതന്മാരും ഒരുമിച്ച് പ്രതിജ്ഞ ചൊല്ലി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയായ ജോയൽ വി. ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ്‌ ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി.

സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികളും രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്ന് ഇടുക്കി ആർടിഒ ആർ. രമണൻ ഉത്തരവിട്ടു. ഇടുക്കി രാജമുടി മാർ സ്ലീവാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളായ അഞ്ചു പേരാണ് സ്കൂട്ടറിൽ കോളജിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്തതത്.

ജോയൽ വി ജോമോൻ, ആൽബിൻ ഷാജി, അഖിൽ ബാബു, എജിൽ ജോസഫ്, ആൽബിൻ ആൻ്റണി എന്നിവരെയാണ് മോട്ടോർ വാഹന വകുപ്പ് ശിക്ഷിച്ചത്. ഇവർ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ഇടുക്കി ആർടിഒയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഇടുക്കി ആർ.ടി.ഒ. ആർ. രമണൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.

Leave a Reply