മുതുകുളം∙കിണറ്റിൽ വീണ കുഞ്ഞിന് രക്ഷകയായ ഗൃഹനാഥയ്ക്ക് അഭിനന്ദന പ്രവാഹം. ചിങ്ങോലി ശ്രീഭവനത്തിൽ സന്ധ്യയെയാണ് നാട്ടുകാർക്ക് പുറമെ വിവിധ സ്കൂളുകളിലെ അധ്യാപകർ, രാഷ്ട്രീയ പ്രവർത്തകർ. സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ, കയർഫെഡ് ജീവനക്കാരൻ ചിങ്ങോലി പ്രജീഷ് ഭവനത്തിൽ പ്രജീഷിന്റെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥ രഞ്ജുവിന്റെയും മകൻ അഞ്ച് വയസ്സുള്ള ഭഗത്തിനെയാണ് അയൽവാസിയായ സന്ധ്യ കിണറ്റിൽ ഇറങ്ങി രക്ഷപെടുത്തിയത്. കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിലെ വിദ്യാർഥിയായ ഭഗത്ത് സ്കൂൾ വിട്ട് സഹോദരി ക്കൊപ്പം പിതൃ സഹോദരനും ചിങ്ങോലി പഞ്ചായത്ത് അംഗവുമായ പ്രമീഷിന്റെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. തിരിഞ്ഞു നോക്കി ഓടി വന്നതാണ് കിണറ്റിൽ വീഴാൻ കാരണം. സഹോദരിയുടെ ഒച്ച കേട്ടാണ് അയൽവാസിയായ സന്ധ്യ വീട്ടിൽ നിന്ന് ഓടി എത്തിയത്.
ഏഴു തൊടി വെള്ളം ഉള്ള കിണറായിരുന്നു. കിണറിലെ മോട്ടർ പൈപ്പിൽ മുറുകെ പിടിക്കാൻ പറഞ്ഞ ശേഷം കിണറ്റിൽ ഇറങ്ങി സാഹസികമായി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ, കാര്യമായ പരുക്കുകൾ ഇല്ലാത്തതിനാൽ തിങ്കളാഴ്ച രാത്രി തന്നെ മടക്കി അയച്ചു. തയ്യൽ തൊഴിലാളിയാണ് സന്ധ്യ.