കോട്ടയം∙ അപ്രതീക്ഷിതമായി ശനിയാഴ്ച എത്തിയ കനത്ത മഴ പുതുപ്പള്ളിയിലെ അന്തരീക്ഷ താപനിലയെ കുറച്ചെങ്കിലും രാഷ്ട്രീയ താപനില ഉയർന്നതലത്തിൽ തുടരുന്നു. ഇന്നു നടക്കുന്ന കലാശക്കൊട്ടിൽ അതു വീണ്ടുമുയരും. നാളെ നിശബ്ദ പ്രചാരണത്തിനും അഞ്ചിനു വോട്ടെടുപ്പിനും ശേഷം എട്ടിനു വോട്ടെണ്ണുമ്പോൾ രാഷ്ട്രീയ കാലാവസ്ഥ വ്യക്തമാകും. അതുവരെ അവകാശവാദങ്ങൾ ഉയർന്നതലത്തിൽ നിലനിൽക്കും.പുതുപ്പള്ളി മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകൾ. അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം. മുൻപ് 8 പഞ്ചായത്തുകളും ഭരിച്ചത് യുഡിഎഫ്. നിലവിൽ മീനടത്തും അയർക്കുന്നത്തുമായി യുഡിഎഫ് ചുരുങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ 7 പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടി. ഏതു പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കുന്ന ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം മുന്നണികളുടെ പ്രചാരണ രീതികളെയും വഴിമാറ്റിയിരിക്കുന്നു.
മണ്ഡലം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത തരത്തിൽ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ആരോപണങ്ങളുയർന്നു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും സഹോദരി അച്ചു ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസും ഭാര്യ ഗീതുവുമെല്ലാം രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിനിരയായി. കേരള രാഷ്ട്രീയ കുറച്ചു കാലമായി ചുറ്റിത്തിരിയുന്ന വനിതാ കേന്ദ്രീകൃത വിവാദങ്ങളുടെ പ്രതിഫലനം പുതുപ്പള്ളിയിലും ആവർത്തിച്ചു. സോളർ, സ്വർണക്കടത്തു കേസുകളിലെ പ്രതികളായ വനിതകൾ പ്രചാരണ ആയുധമായി. റബ്ബർ കൃഷിയുടെ കേന്ദ്രമെങ്കിലും കര്‍ഷക പ്രശ്നങ്ങൾ രണ്ടാം നിരയിലായി.
53 വർഷമായി ഉമ്മൻ ചാണ്ടിയിലൂടെ മണ്ഡലം നിലനിർത്തുന്ന കോൺഗ്രസിന് വിജയം അഭിമാനപ്രശ്നമാണ്. ‘പാർട്ടിയുടെ എല്ലാ സംവിധാനങ്ങളും അതിശക്തമായി പിഴവില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. പ്രധാന നേതാക്കളെല്ലാം ആഴ്ചകളായി മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. 4 തവണ ഭവന സന്ദർശനം പൂർത്തിയാക്കി. കൂടുംബയോഗങ്ങൾ കൃത്യമായി നടക്കുന്നു’– അകലക്കുന്നം പഞ്ചായത്തിലെ മൈങ്കണ്ടത്ത് ചാണ്ടി ഉമ്മനെ സ്വീകരിക്കാനെത്തിയ കോൺഗ്രസ് നേതാവ് പറയുന്നു.