സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചതില്‍ പരക്കെ വിമര്‍ശനം. പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍ കുട്ടികളുടെ വീക്ഷണകോണില്‍ നിന്നല്ലാത്തതിനാല്‍ മികച്ച ബാലതാരങ്ങള്‍ക്കുള്ള അവാര്‍ഡ് നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചിരുന്നു. അവാര്‍ഡ് പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലും ജൂറി ചെയര്‍മാന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരേ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി.
‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ബാലതാരം ദേവനന്ദ ജൂറി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. അവാര്‍ഡിന് അയച്ചിട്ടും പരിഗണിക്കാത്തതില്‍ വിമര്‍ശനവുമായി സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥ്, നടന്‍ ആനന്ദ് മന്മഥന്‍ എന്നിവരും, സ്‌കൂള്‍ ചലേ ഹം എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീകാന്ത് ഇ.ജിയും രംഗത്തെത്തി.
കുട്ടികള്‍ക്കുനേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്ന് പറയരുതെന്ന് ദേവനന്ദ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. കുട്ടികളും സമൂഹത്തിന്റെ ഭാഗമാണ്. ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്നും ദേവനന്ദ വിമര്‍ശിച്ചു. ജൂറി ചെയര്‍മാന്റെ പത്രസമ്മേളനത്തില്‍നിന്നുള്ള വാക്കുകള്‍ പങ്കുവെച്ചായിരുന്നു വിമര്‍ശനം.
‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്നുകൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ’, ദേവനന്ദ കുറിച്ചു.







