കോട്ടയം : കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ വികസനം പുതുപ്പള്ളിയിലെ എല്ലാ വീട്ടിലും കാണാമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ബിജെപി സ്ഥാനാർഥി ജി.ലിജിൻ ലാലിന്റെ പ്രചാരണത്തിനായി പുതുപ്പള്ളിയിൽ എത്തിയതായിരുന്നു സുരേന്ദ്രൻ.‘‘എല്ലാ വീടുകളിലും സൗജന്യമായി അരി കിട്ടുന്നു. എല്ലാ വീട്ടുകാർക്കും കോവിഡ് വാക്സീൻ കൊടുത്തിട്ടുണ്ട്. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ ശ്രമിച്ചു. വീടുകളിലെല്ലാം പൈപ്പിലൂടെ വെള്ളം കൊടുക്കാൻ ശ്രമിക്കുന്നു. എല്ലാവർക്കും അവസരങ്ങൾ നൽകി. പതിനായിരക്കണക്കിനു പേർക്കു മുദ്രാ വായ്പ കൊടുത്തു. പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നു. മോദി സർക്കാരിന്റേതു മാത്രമായി നിരവധി വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലുണ്ട്.
ജി.ലിജിൻ ലാലിന്റെ സ്ഥാനാർഥിത്വം രണ്ടു ദിവസം വൈകിയെങ്കിലും പുതുപ്പള്ളിയിൽ രണ്ടു മുന്നണികളോടൊപ്പം ഞങ്ങൾ ഓടിയെത്തി. പ്രചാരണത്തിൽ എൻഡിഎ സഖ്യത്തിനു മികച്ച തുടക്കം കുറിക്കാനായി. മണ്ഡലമാകെ ഇളകി മറിയുന്ന പ്രചാരണമാണു സംഘടിപ്പിക്കുന്നത്. രാഷ്ട്രീയമായി ഞങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾക്കാണു ഇവിടെ പ്രസക്തി. അഴിമതിയിൽ രണ്ടു മുന്നണികളും പ്രതിക്കൂട്ടിലാണ്.
വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ, സപ്ലൈകോയിൽ സാധനങ്ങളില്ലാത്തത്, വികസന പ്രതിസന്ധി തുടങ്ങിയവ വലിയ പ്രശ്നങ്ങളാണ്. വോട്ടുബാങ്ക് രാഷ്ട്രീയവും ഇടതുവലതു മുന്നണികൾ പയറ്റുന്നു. മിത്ത് വിവാദത്തിൽ ഇടതുപക്ഷം നിലപാട് മയപ്പെടുത്തിയാൽ പോരല്ലോ. മാപ്പ് പറയാൻ എന്താണു ദുരഭിമാനം? ഗണപതി നിന്ദയിൽ മാപ്പ് പറഞ്ഞേ മതിയാകൂ.’’– സുരേന്ദ്രൻ വ്യക്തമാക്കി.