പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്(ഡി.എച്ച്.എസ്.) ഡോ. കെ.ജെ. റീന ഓഗസ്റ്റ് മാസത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി സന്ദർശിക്കും. ആശുപത്രി നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായാണ് ഹെൽത്ത് ഡയറക്ടർ എത്തുന്നത്.
ചൊവ്വാഴ്ച നജീബ് കാന്തപുരം എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി പരിപാലന സമിതിയുടെ പ്രതിനിധിസംഘം തിരുവനന്തപുരത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം. ഹെൽത്ത് ഡയറക്ടറുടെ ചേംബറിലാണ് പ്രത്യേക യോഗം ചേർന്നത്.
ആശുപത്രിയുടെ നല്ലരീതിയിലുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന എല്ലാ കാര്യങ്ങൾക്കും പരിഹാരം കാണണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ചികിത്സക്കെത്തുന്ന രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.എച്ച്.എസ്. ഉറപ്പ് നൽകി. അവധിയിലുള്ള ഡോക്ടർമാരടക്കമുള്ള മുഴുവൻ ജീവനക്കാരെയും തിരിച്ചുവിളിക്കും. ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടിന്റെ ഒഴിവ് ഉടൻ നികത്തി അടിയന്തരമായി നിയമിക്കാൻ നടപടിയെടുക്കും. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ സംബന്ധിച്ച് വിശദീകരണം നൽകുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ പറഞ്ഞു.
കിഫ്ബി നേരത്തെ അനുവദിച്ച 12 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങുന്നതിന് നടപടിയെടുക്കും. പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും സാങ്കേതികാനുമതിയുണ്ടായിരുന്നില്ല. ഈ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഡ്രോയിങ്ങിന് ചുമതലപ്പെടുത്തിയ കൺസൾട്ടൻസി ഏജൻസിയായ കിറ്റ്‌കോ ഡ്രോയിങ് സമർപ്പിച്ചിട്ടില്ലെന്ന് ഡി.എച്ച്.എസ്. അറിയിച്ചു. സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടിയെടുക്കാനും പെരിന്തൽമണ്ണയിൽ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ കിറ്റ്‌കോയുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
കെൽ സമർപ്പിച്ച കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. പുതിയ ബ്ലോക്കിൽ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ കിടത്തിച്ചികിത്സയും ഓപ്പറേഷൻ തിയേറ്ററുകളും തുടങ്ങുന്നതിന് നടപടിയെടുക്കും. കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനം ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അനുമതി ഉടൻ ലഭ്യമാക്കി പ്രവർത്തനം തുടങ്ങാനും തീരുമാനിച്ചു. എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, അംഗം സമീറ പുളിക്കൽ, സെക്രട്ടറി എസ്. ബിജു, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ഇ. രാജേഷ്, എസ്. അബ്ദുസലാം, കുറ്റീരി മാനുപ്പ, ഹംസ പാലൂർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.