പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ശബരിമല തീർഥാടത്തിന് നിയന്ത്രണം കൊണ്ടുവന്നു. ഇന്ന് ഭക്തർക്ക് പ്രവേശനമില്ല. ശബരിമലയിലേക്കും പമ്പയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. പമ്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടി. ശബരിമലയിലേക്ക് പുറപ്പെട്ടവർ അതാതിടങ്ങളിൽ തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെയും കക്കാട്ടാറിന്റെ തീർത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റിസർവോയറിലെ ജലനിരപ്പ് 984.50 മീറ്റർ എത്തി ചേർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ആറു മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.