തിരുവനന്തപുരം: മരംവെട്ടു കേസ് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം( ഐപിസി ),അഴിമതി നിരോധന വകുപ്പുകൾ എന്നീ വകുപ്പുകൾ പ്രകാരം കൂടി കുറ്റം ചുമത്തണമെന്ന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ യുടെ റിപ്പോർട്ട്.

കഴിഞ്ഞ ആറു മുതൽ എട്ടു വരെ ജില്ലകളിൽ വ്യാപകമായി അനധികൃത മരം വെട്ടു നടന്നതായും, എല്ലാ ജില്ലകളിലും വിശദ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.നിലവിൽ വനം നിയമ പ്രകാരം മാത്രമാണ് കേസ്. കഴിഞ്ഞ ഒക്ടോബറിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറപിടിച്ച് വൻ മരം കൊള്ള നടന്നതായും,ഉത്തരവ് ഫെബ്രുവരിയിൽ റദ്ദാക്കിയ ശേഷവും മരംവെട്ട് തുടങ്ങുകയും ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതാണ് സൂചന.
സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിക്കും, ഡിജിപിക്കും നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ്, അനധികൃത മരം വെട്ടിന് ഒത്താശ ചെയ്ത വനം- റവന്യൂ ഉദ്യോഗസ്ഥരെകൂടി കുടുക്കുന്ന റിപ്പോർട്ട് ബെഹ്‌റ തയ്യാറാക്കിയത്. തുടർന്നാണ് ഗൂഢാലോചന അടക്കം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ സംയുക്ത അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചത്. വയനാടിന് പുറമെ ഇടുക്കി,തൃശൂർ,പാലക്കാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെല്ലാം മരംവെട്ട് നടന്നിട്ടുണ്ട്.അന്വേഷണ സംഘത്തിൽ വിജിലൻസ്,പോലീസ് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടതോടെ അഴിമതിനിരോധന വകുപ്പും, ഐപിസി പ്രകാരം മോഷണകുറ്റവും ചുമത്താനാണ് തീരുമാനം.