‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്ന് നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിലെ നായികയായിരുന്ന നടി നയന്‍താര, നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത ‘നയൻതാര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പി.എസ്. രാമന്‍ കോടതിയെ അറിയിച്ചു.
എന്നാൽ, നടപടിക്രമം പാലിക്കാത്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഓൺലൈൻ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സും രംഗത്തെത്തി. ധനുഷിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ലിക്സിൻ്റെ വാദം. ഇരുഭാഗങ്ങളുടെയും വാദങ്ങൾ രേഖപ്പെടുത്തിയ കോടതി, വിധി പറയുന്നത് തീയതി വ്യക്തമാക്കാതെ മാറ്റി.
നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താരയുടെ മൊബൈലില്‍ പകര്‍ത്തിയ ചില വീഡിയോകള്‍ ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തിരുന്നു.
എന്നാൽ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ധനുഷിനെതിരെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും നയന്‍താര പറഞ്ഞിരുന്നു. ധനുഷിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നയന്‍താര ഉന്നയിച്ചത്.