അടിയന്തര ലാന്‍ഡിങ്ങിനിടെ കോസ്റ്റാറിക്കയില്‍ ഡിഎച്ച്എലിന്റെ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു. വ്യാഴാഴ്ച ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ്ങിനായി 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്. ലാന്‍റിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് തിരിയുന്നതിനിടെ വിമാനം ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പുറക് വശത്ത് ഭാരം കൂടുകയും വിമാനത്തിന്‍റെ പുറക് വശം രണ്ടായി മുറിഞ്ഞ് വീഴുകയുമായിരുന്നു. പുറക് വശം മുറിഞ്ഞ് തൂങ്ങിയതോടെ വിമാനത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടമാകുകയും മുന്‍ഭാഗം ഉയരുകയും ചെയ്തു. ഇതിനിടെ വിമാനത്തിന്‍റെ വാലറ്റം പ്രധാനഭാഗത്ത് നിന്നും പൂര്‍ണ്ണമായും വേര്‍പെട്ടിരുന്നു. പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.