ന്യൂഡൽഹി : ഏഴ് വർഷത്തിനുശേഷം വെസ്റ്റിൻഡീസിനെതിരെ പരമ്പര നഷ്ടവുമായാണ് ടീം ഇന്ത്യ മടങ്ങുന്നത്.
മുതിർന്ന താരങ്ങൾക്ക് വിശ്രമമനുവദിച്ച ഏകദിന, ട്വന്റി20 പരമ്പരകളിൽ മറ്റ് യുവതാരങ്ങൾക്കൊപ്പം മലയാളി സഞ്ജു സാംസണ്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. അവസരം ലഭിച്ചിട്ടും സഞ്ജു വേണ്ട രീതിയിൽ വിനിയോഗിച്ചില്ലെന്ന വിമര്‍ശനം വിവിധ കോണുകളിൽനിന്ന് ഉയരുകയാണ്.
കെ.എൽ.രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിൽ ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസരം സഞ്ജു കളഞ്ഞുകുളിച്ചെന്നാണ് ഒരുവിഭാഗം ആരാധകർ പറയുന്നത്. ഏകദിന പരമ്പരയിൽ 60 റൺസും ട്വന്റി20 പരമ്പരയിൽ 32 റൺസും മാത്രമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്നത്. സ്ഥിരതയില്ലാത്ത പ്രകടനമാണെന്ന പഴി നേരത്തേ കേൾക്കുന്ന സഞ്ജു ഇത്തവണയും വിക്കറ്റ് വലിച്ചെറിയുന്ന രീതിയാണ് പിന്തുടർന്നതെന്ന് ക്രിക്കറ്റ് നിരീക്ഷകരും പറയുന്നു. ഇതോടെ സഞ്ജുവിന് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്.