തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും അതിലേക്ക് ഉൾപ്പെടുത്താൻ ദൃശ്യങ്ങൾ നൽകാത്തതിന്റെ പേരിലുള്ള പോരിൽ പുറത്തായ വർഷങ്ങളായുണ്ടായിരുന്ന
ധനുഷ്-നയൻതാര പിണക്ക കഥയുമെല്ലാം ഇപ്പോൾ പരസ്യമായ രഹസ്യമാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കായി ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ വിട്ടുനൽകാതെ ഇരുന്ന നിർമാതാവ് എന്ന നിലയിലുള്ള ധനുഷിന്റെ കടുംപിടിത്തം അടക്കം 11 വർഷത്തെ തീരാ പക തന്നോടും ഭർത്താവ് വിഗ്നേഷ് ശിവനോടും സൂക്ഷിക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ആണ് നയൻതാര ഉന്നയിച്ചത്.
ധനുഷിന്റെ നഷ്ടപരിഹാര കേസിനു സമാനമായി ഡോക്യുമെന്‍ററിയിൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ തമിഴ് ചിത്രം ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്കെതിരെ 5 കോടി ചോദിച്ചു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ ക്ലിപ്പുകൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് കേസ് ഫയൽ ചെയ്തെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശിവാജി പ്രൊഡക്ഷൻസ്.
നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്‍ററിയില്‍ ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന ശിവാജി പ്രൊഡക്ഷൻസിൽ നിന്നുള്ള ‘ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (എൻഒസി) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സിനിമാ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല തൻ്റെ എക്‌സ് അക്കൗണ്ടിൽ എൻഒസി പങ്കിട്ടു. ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെറ്ററിയില്‍ നിര്‍ദേശിച്ച ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ ശിവാജി പ്രൊഡക്ഷൻസിന് എതിർപ്പില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് ഈ സർട്ടിഫിക്കറ്റ്.