Spread the love

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ എല്ലാ സെൻ്ററുകളിൽ നിന്നും മികച്ച കളക്ഷനാണ് നേടുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും കടന്നിരിക്കുകയാണ്. ഇതര ഭാഷ ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ കൽക്കിയെയും സ്വീകരിച്ചു എന്നാണ് കേരളത്തിലെ കളക്ഷൻ സൂചിപ്പിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥിതാരമായി എത്തിയിട്ടുമുണ്ട് ദുല്‍ഖര്‍. ദുൽഖറിന് പുറമേ ശോഭന, അന്ന ബെൻ എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കേരളത്തിലെ 285 സ്ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്തത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. രണ്ടാം ദിവസം 2.75 കോടിയും. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്‍റെ കേരളത്തില്‍‌ നിന്നുള്ള കളക്ഷന്‍ 5.6 കോടിയാണ്.ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്നത് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നാണ്, സിനിട്രാക്കിന്റെ‍ കണക്ക് പ്രകാരം 85.5 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് 15.5 കോടിയും തമിഴ്നാട്ടില്‍ നിന്ന് 8.75 കോടിയും ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് 49.6 കോടിയും.

അതേസമയം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ആ​ഗോള കളക്ഷന്‍ 298.5 കോടിയാണ്.കൽക്കി ആദ്യദിനം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണര്‍ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്‍ആര്‍ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

Leave a Reply