Spread the love

തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ഗൗതമി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലുമെല്ലാം മുന്‍നിര നായികയായി അവര്‍ വളര്‍ന്നു. ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് ഗൗതമി. സിനിമയെ വെല്ലുന്നതാണ് ഗൗതമിയുടെ ജീവിതം. ക്യാന്‍സര്‍ എന്ന മാഹാമാരിയെ പൊരുതി തോല്‍പ്പിച്ച് പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട് ഗൗതമി.

ഇപ്പോഴിതാ ഗൗതമിയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആലപ്പി അഷ്‌റഫ് ഗൗതമിയെക്കുറിച്ച് സംസാരിക്കുന്നത്. ഗൗതമിയുടെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ചും കമല്‍ ഹാസനുമൊപ്പമുള്ള ജീവിതത്തെക്കുറിച്ചും ക്യാന്‍സര്‍ രോഗകാലത്തെക്കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

‘ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗോപികാ വസന്തം എന്ന ഗാനം കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനൊപ്പം മനസിലേക്ക് ഓടിയെത്തുന്ന നായികയുടെ മുഖമാണ് ഗൗതമി.അഞ്ച് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച അതിപ്രശസ്ത. ശരിക്കും ഗൗതമിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്. സിനിമാക്കാര്‍ മാത്രമല്ല എല്ലാവരും പഠിച്ചിരിക്കേണ്ട പാഠങ്ങള്‍ അവരുടെ ജീവിതത്തിലുണ്ട്.

ആന്ധ്ര സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരുടെ മകളായിരുന്നു ഗൗതമി. ബന്ധുക്കള്‍ നിര്‍മ്മിച്ച ചില ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സിനിമയിലേക്കുള്ള ശരിക്കുമുള്ള എന്‍ട്രി രജനീകാന്ത് ചിത്രം ഗുരുശിഷ്യനാണ്. സിനിമയേക്കുറിച്ച് ഒന്നും അറിയാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. സിനിമയൊന്നും കാണാത്ത പെണ്‍കുട്ടി. വര്‍ഷത്തില്‍ ഒരു സിനിമ കണ്ടാലായി, അത്രമാത്രം എന്നാണ് ഗൗതമി തന്നെ പറയുന്നത്. ഗുരുശിഷ്യനില്‍ അഭിനയിക്കാന്‍ ധൈര്യം പകര്‍ന്നത് രജനീകാന്താണെന്ന് അവര്‍ ഓര്‍ക്കുന്നുണ്ട്.

ഗുരുശിഷ്യന്‍ വന്‍ഹിറ്റായി. അതോടുകൂടി ഗൗതമി ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വന്ന സിനിമകളും വിജയിച്ചു. അതോടെ ഗൗതമി ഒന്നാം നിര നായികമാരില്‍ ഒരാളായി മാറി. തമിഴില്‍ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പത്തോളം സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹിസ് ഹൈസ് അബ്ദുള്ള, മമ്മൂട്ടിയുടെ ധ്രുവവും സുകൃതവും, സുരേഷ് ഗോപി നായകനായ സാക്ഷ്യവും ചുക്കാനും ജയറാം നായകനായ അയലത്തെ അദ്ദേഹവുമെല്ലാം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ഗൗതമി ഗസ്റ്റ് റോളില്‍ വന്ന് അഭിനയിച്ച് തരംഗമായ പാട്ടാണ് ചിക്ക് പുക്ക് ചിക്ക് പുക്ക് റെയിലേ. അതേപ്പറ്റി ഗൗതമി പറയുന്നത് സ്‌നേഹ ബന്ധങ്ങള്‍ മറക്കാന്‍ പാടില്ലല്ലോ അതിനാല്‍ മാത്രമാണ് ആ ഗസ്റ്റ് റോള്‍ ചെയ്തത് എന്നാണ്. ആ ചിത്രത്തിലെ ഡാന്‍സ് മാസ്റ്ററും പ്രഭുദേവയുടെ പിതാവുമായ സുന്ദര്‍ മാസ്റ്റര്‍ നേരിട്ട് വന്ന് കണ്ട് അഭ്യാര്‍ത്ഥിച്ചിരുന്നു. കൂടാതെ അന്ന് പുതുമുഖമായിരുന്ന സംവിധായകന്‍ ശങ്കര്‍ വീട്ടില്‍ വന്ന് പാട്ട് കേള്‍ക്കിപ്പിക്കുകയും ചെയ്തു. ആ പാട്ട് തരംഗമായപ്പോള്‍ നിരവധി നിര്‍മ്മാതാക്കള്‍ അത്തരം റോളുകളുമായി അവരെ സമീപിച്ചുവെങ്കിലും അവര്‍ അതൊന്നും സ്വീകരിച്ചില്ല.

1998 ല്‍ സന്ദീപ് ഭാട്ടിയെ എന്ന ബിസിനസുകാരനെ അവര്‍ വിവാഹം കഴിച്ചു. എന്നാല്‍ 1999 ല്‍ തന്നെ വേര്‍ പിരിഞ്ഞു. അതില്‍ ജനിച്ച കുട്ടിയാണ് സുബ്ബലക്ഷ്മി. പിന്നീട് കമല്‍ ഹാസനൊപ്പം 2005 മുതല്‍ 2016 വരെ വിവാഹമെന്ന കരാറില്‍ ഏര്‍പ്പെടാതെ പരസ്പര ധാരണയോടെ ഒരുമിച്ച് ജീവിച്ചു. ആ ജീവിതത്തിന് ഇടയിലാണ് ക്യാന്‍സര്‍ പിടിപെടുന്നത്. വേര്‍പിരിയലിന്റെ കാരണം ഗൗതമി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ ജീവിതത്തില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കി.

ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരന്‍, അയാള്‍ക്ക് എന്ത് ധാര്‍മ്മികത എന്ന് എതിര്‍കക്ഷികള്‍ പ്രചരണം നടത്തി. അതോടെ കമല്‍ഹാസന്റെ പാര്‍ട്ടി ഒരു സീറ്റ് പോലും നേടാതെ ദയനീയമായി ഒലിച്ചു പോയി. ഗൗതമി ക്യാന്‍സര്‍ രോഗിയാണെന്ന് കണ്ടെത്തുന്നത് അവര്‍ തന്നെയാണ്. ഗൗതമിയ്ക്ക് സ്തനാര്‍ബുദമായിരുന്നു. സ്വയം പരിശോധനയില്‍ മുഴ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഡോക്ടറെ സമീപിച്ചപ്പോള്‍ മാമോഗ്രാം വഴി അത് സ്ഥിരീകരിക്കുകയും ചെയ്തു.

തനിക്ക് വേദനയും ഡിസ്ചാര്‍ജും പനിയും തുടങ്ങി യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ഗൗതമി പറയുന്നത്. നമ്മുടെ എത്ര ഇഷ്ടതാരങ്ങളുടെ ജീവന്‍ ഈ മഹാമാരി അപഹരിച്ചിരിക്കുന്നു. എന്നാല്‍ സര്‍വൈവസ് ചെയ്തവരുമുണ്ട്. തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ബേധപ്പെടുന്ന അസുഖമാണെന്ന സന്ദേശം ഗൗതമിയുടെ ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷനിലൂടെ അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.രോഗത്തിന്റെ ചികിത്സയ്ക്കിടെ 15 കോടിയോളം വില വരുന്ന വസ്തു വില്‍ക്കാന്‍ വിശ്വസ്തനായ മാനേജരുടെ പേരില്‍ പവര്‍ ഓഫ് അറ്റോണി കൊടുത്തു. അത് അയാള്‍ തന്റെ ഭാര്യയുടേയും മറ്റ് പലരുടേയും പേരിലേക്ക് മാറ്റി തിരിമറി നടത്തി. ഒരുപക്ഷെ അയാള്‍ വിചാരിച്ചിരുന്നത് ഗൗതമി രോഗവിമുക്തയായി ഒരിക്കലും തിരിച്ചുവരില്ലെന്നാകും. ആ വസ്തു തിരിച്ചു പിടിക്കാന്‍ അവര്‍ ഒരുപാട് ഇടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് കയറി ഇറങ്ങി. കോടതിയെ സമീപിച്ചപ്പോള്‍ നീതിപൂര്‍വ്വമായ പരിഹാരം ഉണ്ടാക്കിക്കൊടുത്തു. ഈ കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും ജയിലിലടയ്ക്കുകയും ചെയ്തു. ഇതില്‍ ഒരു കുന്ദംകുളം സ്വദേശിയും ഉണ്ട്.

Leave a Reply