Spread the love
ജോലി ചെയ്തതിനു ശമ്പളം നല്‍കിയില്ല; തൃശൂര്‍ നടുറോഡില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; പരാതി വ്യാജമാണെന്ന് ഹോട്ടല്‍ മാനേജര്‍

തൃശൂര്‍ നടുറോഡില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. മൈസൂര്‍ സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

റോഡില്‍ നിന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. എംജി റോഡിലെ ഹോട്ടല്‍ നാലു മാസമായി ജോലി ചെയ്ത ശമ്പളം നല്‍കിയില്ലെന്ന് ഇയാള്‍ ആരോപിച്ചു.

ഇന്ന് നാലേകാലോടെയാണ് സംഭവമുണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിവന്ന് ഇയാളെ തടയുകയായിരുന്നു.

ആസിഫ് ഖാന്‍ എന്നാണ് ഇയാളുടെ പേര്. ഇവിടെ ഒരു സ്വകാര്യ ഹോട്ടലില്‍ ഷെഫ് ആയി ജോലിചെയ്തു വരികയായിരുന്നു ആസിഫ്. 50000 രൂപ ശമ്പളത്തിലാണ് ഇയാളെ ഹോട്ടലില്‍ ചീഫ് ഷെഫ് ആയി നിയമിച്ചത്.

എന്നാല്‍, കഴിഞ്ഞ നാല് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് ഇയാള്‍ ആരോപിക്കുന്നു. ലേബര്‍ ഓഫീസര്‍ക്കും പൊലീസിനും പരാതിനല്‍കി. എന്നിട്ടും നടപടി ഉണ്ടായില്ല എന്നും ആസിഫ് ഖാന്‍ പറഞ്ഞു. ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

അതേസമയം, ഹോട്ടല്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ എന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. ആസിഫ് ഖാന്റെ പരാതി വ്യാജമാണെന്നും ഇയാള്‍ അഡ്വാന്‍സ് ആയി വാങ്ങിയ ഒന്നേകാല്‍ ലക്ഷം രൂപ തിരികെ ലഭിക്കേണ്ടതുണ്ടെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചു.

Leave a Reply