സിനിമയിൽ നിന്ന് ഒരു വർഷത്തോളം മാറി നിന്നതിന്റെ കാരണം വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ. അഭിനയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുത്തത് മനഃപൂർവ്വവുമല്ലെന്നും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാലാണ് സിനിമയിൽ നിന്ന് മാറി നിന്നതെന്നും ദുൽഖർ സൽമാൻ പറഞ്ഞു. താരത്തിന്റെ പുതിയ സിനിമയായ ലക്കി ഭാസ്കറുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
അഭിനയ ജീവിതം തുടങ്ങിയിട്ട് ഇതാദ്യമായാണ് ഒരു വർഷത്തോളം ഇടവേള എടുക്കുന്നത്. ഒരിക്കലും മനപൂർവ്വം മാറി നിന്നതല്ല. ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇതിനിടയിൽ ഒരുപാട് സിനിമകൾ എനിക്ക് വന്നിരുന്നു. പക്ഷേ, അതൊക്കെ വേണ്ടെന്ന് വയ്ക്കേണ്ടിവന്നു. മുമ്പ് വാക്ക് കൊടുത്തിരുന്ന സിനിമകൾക്ക് കാലതാമസവും ഉണ്ടായി.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പാണ് ലക്കി ഭാസ്കറുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഈ സിനിമ ഇത്രയും നാൾ വൈകിയത് ഞാൻ കാരണമാണ്. തുടങ്ങിവച്ച ഒരു പ്രോജക്ട് ഞാൻ കാരണം മുടങ്ങരുതെന്ന് ചിന്തിച്ചാണ് ലക്കി ഭാസകർ ചെയ്ത് തീർത്തത്. ഇപ്പോൾ ആരോഗ്യം ശരിയായി വരുന്നുണ്ട്. വീണ്ടും സിനിമാ ജീവിതത്തിൽ സജീവമാകും. തമിഴിൽ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് തെലുങ്കിലും മലയാളത്തിലും സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും സാന്നിധ്യമറിയിക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താരത്തിന്റേതായി ഒരു സിനിമകളും പുറത്തെത്തിയിരുന്നില്ല. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖറിന്റേതായി എത്തുന്ന സിനിമയാണ്
ലക്കി ഭാസ്കർ.