Spread the love

കോട്ടയം ∙ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെതിരെ പരാതി നൽകാൻ യുഡിഎഫ് തയാറാകാത്തത് എന്തുകൊണ്ടാണെന്നു പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. യുഡിഎഫ് നേതാക്കൾ സംസാരിക്കുന്ന ക്ലിപ് പുറത്തുവന്നത് യുഡിഎഫ് ക്യാംപിൽനിന്നാണ്. ‘നമ്മുടെ വിജയനാണ്’ എന്നതു മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നത് തന്റെ അനുഭവത്തിലില്ലെന്നും ജെയ്ക് പറഞ്ഞു.

‘‘പ്രചരിക്കുന്ന ക്ലിപ്പുകളിൽ പറയുന്നത് അത് നമ്മുടെ വിജയന്‍ പറ്റിച്ച പണിയാണ് എന്നാണ്. വിജയൻ പറ്റിച്ച പണി ആരുടേതാണ്? ആരാണ് ആ വിജയന്‍? എന്തു പണിയാണു പറ്റിച്ചത്? ഇതിനെ സംബന്ധിച്ചു വിശദീകരിക്കേണ്ടതില്ലേ? ഇത് അന്വേഷിക്കേണ്ടതല്ലേ? ആ വിജയൻ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്റെ അനുഭവത്തിലും അറിവിലുമില്ല.പാമ്പാടിയിൽനിന്നു പ്രവർത്തനമാരംഭിച്ച്, പുതുപ്പള്ളി നിയോജക മണ്ഡലത്തിലാകെ പ്രവർത്തിച്ചു പാരമ്പര്യമുള്ള, എന്നേക്കാളെല്ലാം മുതിർന്ന രാഷ്ട്രീയാനുഭവമുള്ള വ്യക്തി എന്താണ് മുൻ മുഖ്യമന്ത്രിയുടെ മകളോട് (അച്ചു ഉമ്മൻ) പറഞ്ഞത്? ഇതു നമ്മുടെ വിജയൻ പറ്റിച്ച പണിയാണ് എന്നതാണ്. ആദരണീയനായ കോൺഗ്രസ് നേതാവ് ഉദ്ദേശിച്ചത് പിണറായി വിജയനെയാണോ? എനിക്കറിയില്ല. പഞ്ചായത്തുതലം മുതൽ നേതൃപദവികൾ വഹിച്ച, ജില്ലയിലെ സമുന്നതനായ കോൺഗ്രസ് നേതാവിനെ സംബന്ധിച്ചാണോ?

ഇക്കാര്യത്തിൽ ഞാൻ തള്ളാനുമില്ല, കൊള്ളാനുമില്ല. ക്ലിപ്പുകളിൽ കണ്ടതും കേട്ടതും പരസ്പരം സംസാരിച്ചതുമെല്ലാം കോൺഗ്രസുകാരാണ്. മറ്റു പല കാര്യങ്ങളിലും ശാസ്ത്രീയമായ അന്വേഷണത്തിന് അവർ പരാതി കൊടുത്തല്ലോ. ഇക്കാര്യത്തിലും പരാതി കൊടുക്കട്ടെ.’’– ജെയ്ക് മാധ്യമങ്ങളോടു പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഓഡിയോ–വിഡിയോ ക്ലിപ്പുകളുടെ ഉത്തരവാദിത്തം എൽഡിഎഫിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നു മന്ത്രി വി.എൻ.വാസവനും പ്രതികരിച്ചു.

Leave a Reply