മലയാളികള്‍ അല്ലാത്തവരും മലയാള സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നു എന്നത് മോളിവുഡ് അടുത്തിടെ കൈവരിച്ച വലിയ നേട്ടമാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും ഭ്രമയുഗവും ആടുജീവിതവും ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവുമൊക്കെയാണ് അത്തരത്തില്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ചിത്രങ്ങള്‍. അച്ഛൻ മകൻ തമ്മിലുള്ള ബന്ധവും, വളരെ ദുരൂഹത നിറഞ്ഞ സംഭവങ്ങളേയും മറവി രോഗത്തെക്കുറിച്ചും പല സിനിമാറ്റിക് ലയറുകളിൽ പൊതിഞ്ഞ് അവതരിപ്പിച്ച കിഷ്കിന്ധാ കാണ്ഡം എന്ന ഫാമിലി ഡ്രാമ പ്രേക്ഷകർ വളരെയധികം ഏറ്റെടുക്കുകയായിരുന്നു. ആസിഫിന്റെ കരിയർ ബെസ്റ്റ് സിനിമയെന്നും പലരും ചിത്രത്തിനെ പുകഴ്ത്തിയിരുന്നു. സെപ്റ്റംബർ 12ന് ബിഗ് സ്ക്രീനിലെത്തിയ ചിത്രം ഇതുവരെ ആഗോളതലത്തിൽ നേടിയത് 75.25 കോടി രൂപയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവന്നതാണ് സിനിമാ പ്രേമികളെ ത്രില്ലടിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ആസിഫ് അലിയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്. നവംബർ 19-നാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്നി ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുക.മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തുമെന്നാണ് വിവരം.
ഫോറസ്റ്റ് ഓഫീസറായ അജയ് എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. അപ്പു പിള്ള എന്ന മുൻ സൈനികനായി വേഷമിട്ടത് വിജയരാഘവനായിരുന്നു. അപർണ എന്ന കഥാപാത്രമായാണ് അപർണ ബാലമുരളി എത്തിയത്. ശിവദാസൻ എന്ന പൊലീസുകാരനായി അശോകനും എത്തിയിരുന്നു.