മറുഭാഷാ സിനിമയിലും കുറഞ്ഞ കാലം കൊണ്ട് തന്‍റേതായ സ്ഥാനം അടയാളപ്പെടുത്താന്‍ കഴിഞ്ഞ താരമാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ചിത്രങ്ങളുമുണ്ട്. ഇപ്പോഴിതാ ഫഹദിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് വേട്ടൈയന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ ഫഹദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ഒരു ചിത്രമാണ് ഫഹദിന് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം നില്‍ക്കുന്ന ഫഹദ് ആണ് ചിത്രത്തില്‍. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. നിലവില്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. അതേസമയം മാരീചന്‍ എന്ന മറ്റൊരു ചിത്രവും ഫഹദിന്‍റേതായി തമിഴില്‍ വരാനുണ്ട്. വടിവേലുവാണ് ഈ ചിത്രത്തില്‍ ഫഹദിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.