വൈറലാവാൻ വേണ്ടി മാത്രം അതിസാഹസിക കാര്യങ്ങൾ ചെയ്യുന്നതും സാഹസിക കാര്യങ്ങൾ ചെയ്ത് വൈറലാവുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സാധാരണ ഫോട്ടോഷൂട്ട് ചെയ്തപ്പോൾ പൊടുന്നനെ സാഹസികരായി, പിന്നാലെ വൈറൽ ആയവരെ കണ്ടിട്ടുണ്ടോ? എന്നാലിപ്പോൾ അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ഒരു നവദമ്പതികൾക്ക്.
റെയിൽവെ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ നിനയ്ക്കാപ്പുറത്ത് ട്രെയിൻ ഇരച്ചെത്തുകയായിരുന്നു. രാജസ്ഥാനിലെ പാലിയിലെ ഗോറാം ഘട്ട് പാലത്തിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു വൈറൽ സംഭവം. ഫോട്ടോഷൂട്ടിനിടെ ട്രെയിൻ പാഞ്ഞു വന്നതോടെ ദമ്പതികൾ വേറെ വഴിയേതുമില്ലാതെ 90 അടി താഴ്ചയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതേതുടർന്ന് ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
രാജസ്ഥാൻ സ്വദേശി രാഹുൽ മേവാഡ(22) ഭാര്യ ജാൻവി(20) എന്നിവരാണ് ട്രെയിൻ അടുത്തെത്തിയത് പോലും അറിയാതെ ചിത്രീകരണത്തിൽ മുഴുകിയത്. എന്നാൽ പാളത്തിൽ
നിൽക്കുന്ന ദമ്പതികളെ കണ്ടതിനെ തുടർന്ന് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നുവെന്നും ട്രെയിനിന്റെ വേഗത കുറവായത് വലിയ അപകടം ഒഴിവായതിനു മറ്റൊരു കാരണം ആയെന്നും കണ്ടുനിന്നവർ പറയുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കളാണ് അപകടത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. പരിക്കേറ്റ ദമ്പതികളെ റെയില്‍വെ ഗാര്‍ഡുകളുടെ സഹായത്തോടെ കണ്ടെത്തുകയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭർത്താവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.