Spread the love

അങ്ങാടിപ്പുറം: പരിയാപുരത്ത് ഡീസൽ ചോർച്ച മൂലമുള്ള ശുദ്ധ ജല പ്രതിസന്ധിക്ക് പരിഹാരമായില്ല. കഴിഞ്ഞ 20 ന് ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്നാണ് പ്രദേശത്ത് ഡീസൽ ചോർച്ച ഉണ്ടായത്. നിലവിലെ 6 കിണറുകൾക്ക് പുറമേ ചില കുഴൽ കിണറുകളിലും വെള്ളത്തിൽ ഡീസലിന്റെ സാന്നിധ്യം ഉള്ളതായി ഇന്നലെ പരാതി ഉയർന്നു. 230 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് ഡീസൽ സാന്നിധ്യമുള്ളതായി പരാതി ഉയർന്നത്.

വലിയ തോതിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയ 6 കിണറുകളിലെ വെള്ളം നീക്കുന്ന പ്രവൃത്തി ഇന്നലെ 2 ടാങ്കർ ലോറികൾ ഉപയോഗിച്ച് തുടങ്ങി. അപകടത്തിൽ പെട്ട ടാങ്കർ ലോറി ഉടമയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. സേക്രഡ് ഹാർട്ട് കോൺവന്റ് കിണറ്റിലെ വെള്ളമാണ് ഇന്നലെ ടാങ്കറിലേക്ക് മാറ്റിയത്.

മഴ ശക്തമാവുക കൂടി ചെയ്തതോടെ ഈ കിണറുകളിലെല്ലാം വലിയ തോതിൽ വെള്ളമുണ്ട്. എന്നാൽ ഒന്നോ രണ്ടോ ടാങ്കറുകളിലേക്ക് വെള്ളം മാറ്റാനുള്ള ശ്രമം കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഈ വെള്ളം ലക്ഷ്യത്തിൽ എത്തിച്ച് ടാങ്കർ ലോറികൾ തിരിച്ച് എത്തുമ്പോഴേക്കും കിണറ്റിലെ വെള്ളം പഴയ പടി ഉയർന്നിട്ടുണ്ടാകും.

കൂടുതൽ ടാങ്കർ ലോറികൾ ഒന്നിച്ചെത്തിച്ച് വലിയ തോതിലുള്ള ഒരു ശ്രമം നടത്തിയാലേ പ്രതിസന്ധിക്ക് പരിഹാരം കാണാനാവു എന്ന് വാർഡംഗം അനിൽ പുലി പറഞ്ഞു. കലക്ടർ ഉൾപ്പെടെ ജില്ലാ അധികൃതർ ഇടപെട്ട് പ്രദേശം സന്ദർശിക്കുകയും വിവിധ തലങ്ങളിൽ യോഗങ്ങൾ നടക്കുകയും ചെയ്തതൊഴിച്ചാൽ പരിഹാര നടപടികൾ ഇനിയും കാര്യക്ഷമം ആയിട്ടില്ല.

ഡീസൽ ചോർച്ച ഉണ്ടായ സ്ഥലത്ത് ചില മരങ്ങൾക്ക് ഉണക്കം ബാധിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കാർഷിക വിളകളെ ഡീസൽ ചോർച്ച ബാധിക്കുമോ എന്നാണ് ആശങ്ക. ജലജീവൻ മിഷൻ പദ്ധതിയിൽ പ്രദേശത്ത് ഇരുപതോളം പേർക്ക് കഴിഞ്ഞ ദിവസം ശുദ്ധജല കണക്ഷൻ നൽകിയിട്ടുണ്ട്. എന്നാൽ 3 ദിവസത്തിൽ ഒരിക്കലാണ് ശുദ്ധജല വിതരണം. ശുദ്ധജലം അത്യാവശ്യക്കാർക്ക് പഞ്ചായത്ത് ടാങ്കർ ലോ റികളിൽ എത്തിച്ചു നൽകുകയാണ്.

സംഭവത്തിൽ ബന്ധപ്പെട്ട പെട്രോളിയം കമ്പനി അധികൃതർ ഉദാസീന ഭാവം പുലർത്തുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം ഉണ്ട്. ഡീസൽ കലർന്ന ജലം നീക്കം ചെയ്യാനുള്ള ബാധ്യത ടാങ്കർ ഉടമയ്ക്കാണെന്ന നിലപാടാണ് കമ്പനി അധികൃതരുടേത്. ഡീസൽ കലർന്ന ജലം നീക്കം ചെയ്യാൻ പെട്രോളിയം കമ്പനി അധികൃതരോടും നിർദേശിക്കണമെന്ന് ജനകീയ സമിതി ഭാരവാഹികൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡീസൽ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി എസ്.സൂരജ് 14 ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

Leave a Reply