
അങ്ങാടിപ്പുറം: ടാങ്കര്‍ലോറി അപകടത്തെ തുടര്‍ന്ന് ഡീസല്‍ കലര്‍ന്നു മലിനമായ പരിയാപുരത്തെ ആറു കിണറുകളിലെയും ജലം ഇന്നു മുതല്‍ ടാങ്കറുകളില്‍ നീക്കം ചെയ്യുമെന്ന് സെന്‍റ് ജോര്‍ജ് ട്രാൻസ്പോര്‍ട്ട് കമ്പനി ഉടമ ഷൈജല്‍ മാത്യു പറഞ്ഞു. മറിഞ്ഞ ടാങ്കറിന്‍റെ ഉടമയാണ് ഇദ്ദേഹം. ഒരാഴ്ചയ്ക്കകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ശ്രമം.
എന്നാല്‍ “നയാര’ പെടോളിയം കമ്പനി അധികൃതര്‍ ഇപ്പോഴും കാണാമറയത്താണ്. ഡീസല്‍ കലര്‍ന്ന ജലം നീക്കം ചെയ്യാനുള്ള ബാധ്യത ടാങ്കര്‍ ഉടമയ്ക്കാണെന്ന മട്ടിലാണ് കമ്പനി അധികൃതരുടെ പ്രതികരണം. ഡീസല്‍ കലര്‍ന്ന ജലം നീക്കം ചെയ്യാൻ നയാര പെട്രോളിയം കമ്പനി അധികൃതരോടും നിര്‍ദേശിക്കണമെന്ന് ജനകീയസമിതി ഭാരവാഹികള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
കമ്പനി നേരിട്ട് ഇടപെട്ടാല്‍ കൂടുതല്‍ ടാങ്കറുകള്‍ എത്തിച്ച് എത്രയും വേഗം പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാനാകും. വ്യാപനവും തടയാൻ കഴിയും. ഡീസല്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് പെരിന്തല്‍മണ്ണ ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാൻ എസ്.സൂരജ് (സ്പെഷല്‍ ജഡ്ജ്, ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി) 14ന് രാവിലെ 10ന് വിവിധ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. പെട്രോളിയം കമ്പനി അധികൃതര്‍ക്കും യോഗത്തില്‍ പങ്കെടുക്കാൻ നോട്ടീസ് നല്‍കി.