
ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്.പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് ആദ്യഘട്ടമായി ഓപ്പണ്‍ സ്പെയിസ് ഏരിയയാണ് സര്‍വേ ചെയ്യുന്നത്. ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് 20 ശതമാനവും, കോര്‍സ് വിത്ത് ആര്‍ടികെ ഉപകരണത്തിലൂടെ 60 ശതമാനവും, ടോട്ടല്‍ സ്റ്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് 20 ശതമാനവും സര്‍വേ നടത്തും.