Spread the love

ഡിജിറ്റല്‍ റീസര്‍വെ ശില്‍പശാല നാളെ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമികള്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള ബൃഹത് പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
നിലവില്‍ ഡിജിറ്റല്‍ സര്‍വെ നടത്തിയിട്ടുള്ള 89 വില്ലേജുകളും, ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പുരോഗതിയിലുള്ള 27 വില്ലേജുകളും ഒഴികെയുള്ള 1550 വില്ലേജുകള്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ആകെ 807.98 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റി-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
സര്‍വെ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നുതന സര്‍വെ സാങ്കേതിക വിദ്യകളായ CORS, RTK, ETS, DRONE എന്നിവ ഉപയോഗിച്ച് സര്‍വെ നടത്തുന്നു.
ഡിജിറ്റല്‍ ഭൂരേഖാ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ആവശ്യമായ തരത്തില്‍ ഐ.ടി. സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.
റവന്യൂ, സര്‍വ്വെ, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളിലെ ഭൂരേഖാ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകുന്നതാണ്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ സര്‍വെ, റവന്യൂ, രജിസ്ട്രേഷന്‍ എന്നീ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് ഒരു ഏകജാലക സംവിധാനത്തിലൂടെ ഭൂസംബന്ധമായ എല്ലാ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്നതും,
ഇതിലൂടെ ജനങ്ങള്‍ക്ക് കൃത്യമായ ഭൂരേഖകളും സ്കെച്ചും ലഭ്യമാകുന്നതും, ഭൂസംബന്ധമായ എല്ലാ സേവനങ്ങളും ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഓണ്‍ലൈനായി നേടി എടുക്കുന്നതിനും സാധിക്കുന്നതാണ്.
പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെയാണ് ടി പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ജനങ്ങളുടെയും, രാഷ്ട്രീയ, സാംസ്ക്കാരിക സംഘടനകളുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ വിവിധ അവബോധ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതായുണ്ട്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ നിയോജക മണ്ഡലങ്ങളിലേയും സാമാജികര്‍ക്ക് വിശദമാക്കി കൊടുക്കുന്നതിന് 2021 നവംബര്‍ 2 ചൊവ്വാഴ്ച വൈകിട്ട് 05.30 മണിക്ക് ഒരു ശില്‍പശാല നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ച് കൂടുന്നു.
പ്രസ്തുത ശില്‍പ്പശാല ബഹു.റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന്റെ അധ്യക്ഷതയില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതും, ചടങ്ങില്‍ ബഹു.നിയമസഭാ സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് മുഖ്യാതിഥിയായും ബഹു.പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍, ബഹു.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ബഹു.ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ.ചിറ്റയം ഗോപ കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായും പങ്കെടുക്കുന്നതാണ്.

Leave a Reply