Spread the love

ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവേ ചെയ്യുകയെന്ന അതിനൂതന പ്രക്രിയയിലാണ് റവന്യു വകുപ്പ്. വരുന്ന നാല് വർഷത്തിനുള്ളിൽ സംസ്ഥാനമെമ്പാടും ഭൂസർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ 913 ൽ റീസർവേ നടപടികൾ പൂർത്തിയായി. 89 വില്ലേജുകളിൽ ഡിജിറ്റൽ റെക്കോർഡുകൾ ഇപ്പോൾ ലഭ്യമാണ്. നിലവിൽ ഡിജിറ്റൽ സർവേ പുരോഗതിയിലുള്ള 27 വില്ലേജുകളും പൂർത്തിയായ 89 വില്ലേജുകളും കഴിഞ്ഞ് ബാക്കിയുള്ള 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ റീബിൽഡ് കേരള ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവേക്കായി സംസ്ഥാനത്താകെയുള്ള 28 CORS (കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻ) സ്റ്റേഷനുകളിൽ നിന്നും തുടർച്ചയായി ലഭിക്കുന്ന സിഗ്‌നലുകളുടെ സഹായത്താൽ RTK(റിയൽടൈം കൈനമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഡിജിറ്റൽ സർവേ ചെയ്യുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകൾ ഉപയോഗിച്ച് ഭൂമിയുടെ അതിർത്തി നിർണയിക്കാൻ കഴിയുന്ന 10 മുതൽ 20 ശതമാനം വരെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും സർവേ നടത്തുന്നുണ്ട്. ഈ രീതികൾ ഫലവത്താകാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീൻ ഉപയോഗിച്ചാണ് മുഴുവൻ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നത്. ഡിജിറ്റൽ ഭൂസർവേ നടത്തുന്നത് വഴി ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും സർക്കാർ ജനങ്ങൾക്ക് ഉറപ്പു നൽകുന്നു.

Leave a Reply