കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സര ചിത്രം തെളിയാനിരിക്കെ നിര്‍ണായക നീക്കവുമായി മുതര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും രംഗത്ത്. അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുമെന്നാണ് സൂചന. മുപ്പതാം തീയതി വരെ കാത്തിരിക്കാന്‍ ദിഗ്‌വിജയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പോരാടാനുറച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂര്‍ എം.പിയും. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് ഗെലോട്ട് വ്യക്തമാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂര്‍ എഐസിസി ആസ്ഥാനത്തെത്തി വോട്ടര്‍ പട്ടിക പരിശോധിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങാന്‍ മൂന്നു ദിവസം മാത്രം അവശേഷിക്കെ പോരാട്ടം അശോക് ഗെലോട്ടും ശശി തരൂരും തമ്മിലാകുമെന്ന് ഏതാണ്ട് ഉറപ്പായി. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിച്ച് വിജയിച്ചാല്‍ ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ഒഴിയേണ്ടി വരും. ഉദയ്പൂര്‍ പ്രഖ്യാപനം ഒരാള്‍ക്ക് ഒരു പദവിയേ അനുവദിക്കുന്നുള്ളൂ. സംസ്ഥാന രാഷ്ട്രീയത്തില്‍ ഗെഹ്ലോട്ട് വിരുദ്ധ ചേരിയെ നയിക്കുന്ന സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിപദം നല്‍കുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ല. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്നാണ് പ്രവര്‍ത്തകരുുെട പൊതുവികാരമെന്നും ഇത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് കൊച്ചിയില്‍ പറഞ്ഞു.
അതിനിടെ, മല്‍സര രംഗത്തുള്ള ശശി തരൂര്‍ എഐസിസി ആസ്ഥാനത്തെത്തി വോട്ടര്‍ പട്ടിക പരിശോധിച്ചു. തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂതന്‍ മിസ്ത്രിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുകയാണ്. നാളെ അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങും.