
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തള്ളി ദിലീപ്. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിലാണ് ദിലീപിന്‍റെ മറുപടി. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈംബ്രാഞ്ച് ആവശ്യത്തെ എതിർത്ത് കൊണ്ട് കോടതിയെ അറിയിച്ചു.
കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിർപ്പില്ലെന്നും സംസ്ഥാന സർക്കാർ മറുപടി നൽകി. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. ആദ്യം മുതൽ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉൾപ്പടെ നൽകിയതിനാൽ കേസിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയിരുന്നു. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ മെമ്മറി കാർഡ് രണ്ട് തവണ തുറന്നെന്ന ഫോറൻസിക് റിപ്പോർട്ട് ഉണ്ടായിട്ടും അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിയ വിചാരണ കോടതി നടപടി നിയമപരമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.