ജനപ്രിയ നായകൻ ദിലീപിന്റെ ചിത്രങ്ങൾ എടുത്താൽ മിക്കവയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്നതും നർമ്മത്തിന്റെ രസ ചാലിലൂടെ പറഞ്ഞുപോയ കുടുംബകഥയുമൊക്കെയാണ്. ഇതിൽനിന്നും കുറച്ച് വ്യത്യസ്തത നിറഞ്ഞ ഹിറ്റുകൾ ആയിരുന്നു റൺവേയും, ലയണും, ദോസ്ത്തും കൊച്ചി രാജാവുമൊക്കെ. ഇതിൽ തന്നെ റൺവേ താരത്തിന്റെ മികച്ച പ്രകടനം എന്നും കരിയറിലെ വൻ ഹിറ്റെന്നും വിശേഷണം ലഭിച്ച പടം ആയിരുന്നു. ഇപ്പോഴിതാ റൺവേ യഥാർത്ഥത്തിൽ ചെയ്യാനിരുന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു എന്നും എന്നാൽ കാലചക്രം കടന്നുപോയപ്പോൾ സിനിമ ചെയ്തത് ദിലീപ് ആയി മാറിയെന്നും പറയുകയാണ് തിരക്കഥാകൃത്ത് സിബി കെ തോമസ്.
സിബി കെ തോമസ് പറഞ്ഞതിങ്ങനെ..
റൺവേ എന്ന ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഗോപുര ചിത്രയ്ക്ക് വേണ്ടി മമ്മൂക്കയെ നായകനായി, ജോസ് തോമസ് ഡയറക്ട് ചെയ്യാനായിരുന്നു തീരുമാനം. ആ സമയത്ത് പ്രിയദർശന്റെ മേഘം എന്ന ചിത്രത്തിന്റെ ഷൂട്ട് ഊട്ടിയിൽ നടക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിലേക്കാണ് കഥ പറയാൻ വേണ്ടി തങ്ങൾ ടീം പോയത്. മമ്മൂക്കയോട് കഥപറയുമ്പോൾ വാളയാർ ചെക്‌പോസ്റ്റ് എന്നായിരുന്നു ചിത്രത്തിന് പേര്. ഷൂട്ടിനിടയിലെ ബ്രേക്കിൽ കഥ കേട്ട മമ്മൂക്ക ഓക്കെ പറയുന്നു. മമ്മൂക്ക നായകൻ, ഡയറക്ടർ ജോസ് കെ തോമസ്, നിർമ്മാതാവ് ബാലു കിരിയത്ത്, വിതരണം ഗോപുര ചിത്ര. ഈ ഒരു ടീമാക്കാൻ പ്ലാനിട്ടു തിരിച്ചു വരുമ്പോൾ മുൻപിൽ ദിലീപ് നിലയ്ക്കുന്നു.
അന്ന് ‘ഉദയപുരം സുൽത്താൻ’ നടന്നിട്ടില്ല. ഇന്നെ സമയത്ത് ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, കഥ മാത്രമേ കേട്ടിട്ടുള്ളൂ. തിരക്കഥ കേട്ടിട്ടുമില്ല. ഞങ്ങളെ കണ്ടതോടെ ദിലീപ് സ്‌ക്രിപ്റ്റ് എന്തായി എന്ന് ചോദിച്ചു. മമ്മൂക്ക ഡേറ്റ് തന്നിരിക്കുകയാണ് ഞങ്ങൾക്ക്, അപ്പോഴാണ് ദിലീപ് സ്‌ക്രിപ്റ്റ് ആക്കിയോ എന്ന് ചോദിക്കുന്നത്. അപ്പോൾ ഞാൻ ദിലീപിനോട് പറഞ്ഞു, ദിലീപേ ആദ്യം ഡേറ്റ് പറ, അപ്പോൾ ഞങ്ങൾ സ്‌ക്രിപ്റ്റ് റെഡിയാക്കിത്തരാം എന്ന്. അന്ന് ദിലീപിന് ഞങ്ങളോട് ദേഷ്യം വന്നിട്ടുണ്ടാകും. എന്നാൽ കാലചക്രം കടന്നുപോയപ്പോൾ ആ സിനിമ ചെയ്തത് ദിലീപാണ്. റൺവേ എന്ന പേരിൽ.’