നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അടിസ്ഥാനമില്ലാത്ത കഥകളാണ് ദിലീപ് മെനയുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. ദിലീപിന്റെ അഭിഭാഷകൻ ആവർത്തിച്ചും ദീർഘിപ്പിച്ചും കഥകൾ മെനയുകയാണ്. പ്രോസിക്യൂഷന്റെ തെളിവുകളെ ദുർബലമാക്കാനാണ് എട്ടാം പ്രതി ദിലീപിന്റെ ശ്രമം. പൾസർ സുനിയുടെ ജാമ്യാപേക്ഷയെ എതിർത്ത സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട്. എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകൻ വിസ്താരം നീട്ടുന്നുവെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു എം പൗലോസിനെ വിസ്തരിച്ചത് 109 ദിവസമാണ്. കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ ക്രോസ് വിസ്തരിച്ചത് 35 ദിവസവും. അതിജീവിതയെ എട്ടാംപ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്തരിച്ചത് ഏഴ് ദിവസമാണ്. ഫൊറൻസിക് വിദഗ്ധനെ ദിലീപിന്റെ അഭിഭാഷകൻ വിസ്തരിക്കാനെടുത്തത് 21 ദിവസമാണ്. വിചാരണയ്ക്ക് കോടതിയിൽ എത്താതെ ദിലീപ് മാറി നിൽക്കുകയാണ്. ഏറ്റവും അധികം അവധി അപേക്ഷ നൽകിയത് എട്ടാംപ്രതി ദിലീപെന്നും പ്രൊസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദിലീപിന്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരം വഴി എഴുതേണ്ടി വന്നത് 2380 പേജുകളാണ്. അന്തിമ വാദത്തിനായി മാത്രം ഒരുമാസം വേണ്ടി വരുമെന്നും സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു. വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. അന്തിമ വാദം കേൾക്കൽ ഒരു മാസം നീണ്ടുനിൽക്കും എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ പൾസർ സുനി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.