
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന് പുതിയ ഹർജിയുമായി ദീലീപ് ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് പുതിയ ഹർജിയിൽ ആരോപിക്കുന്നത്. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. മുദ്രവെച്ച കവറിലുളള ഫോണുകൾ തുറന്ന് പ്രതിഭാഗം കൈമാറിയ അതിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിന് അനുകൂലമായി മജിസ്ട്രേറ്റ് നിലപാട് എടുത്ത ഘട്ടത്തിൽ ദിലീപിന്‍റെ അഭിഭാഷകർ തടസവാദം ഉന്നയിച്ചു. തർക്കം തുടർന്നതോടെ ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിക്കുന്നത് മജിസ്ട്രേറ്റ് കോടതി മാറ്റുകയായിരുന്നു.