Spread the love

മറ്റൊരു കാലഘട്ടത്തോടും ഉപമിക്കാൻ കഴിയാത്ത തരത്തിൽ സമകാലീന സമൂഹത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും യുവതലമുറയുടെ മോശം സ്വഭാവരീതികളും കൂടി വരുന്ന സാഹചര്യത്തിൽ സിനിമകൾക്കും സോഷ്യൽ മീഡിയയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നത് സമൂഹം ഗൗരവകരമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മുതിർന്ന സംവിധായകരടക്കമുള്ള പല കലാകാരന്മാരും വിഷയത്തിൽ സ്വയം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സിനിമ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സ്വാധീനവും സമൂഹത്തിൽ പ്രത്യേകിച്ച് പുതുതലമുറയിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ബൃഹത് മാധ്യമം ആണെന്നും അതുകൊണ്ടുതന്നെ സിനിമ എന്ന മാധ്യമത്തിലൂടെ പുറത്തുവിടുന്ന സന്ദേശങ്ങളിൽ ചലച്ചിത്ര പ്രവർത്തകർ കൂടുതൽ കരുതൽ വയ്ക്കണം എന്നുമായിരുന്നു പലരുടെയും അഭിപ്രായം. ഇപ്പോഴിതാ ഇത്തരം ചർച്ചകളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യധാര സംവിധായകനായ ദിലീഷ് പോത്തനും.

താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട്നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വദീനിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ജീവിക്കുന്ന സമൂഹത്തോടും അതിലെ ആളുകളോടും ഫിലിംമേക്കര്‍ക്ക് ഒരു ഉത്തരവാദിത്വവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിലൂടെ ബാലന്‍സ് ചെയ്ത് പോകുന്നതാണ് സിനിമ എന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.

അതേസമയം സെന്‍സര്‍ നിയമങ്ങളില്‍ കൃത്യത വേണമെന്നും കുട്ടികളെ കാണക്കേണ്ട സിനിമകള്‍ കുട്ടികളെ കാണിക്കുക. അവരെ കാണിക്കരുതെന്ന് പറയുന്ന സിനിമ കാണിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്. മുതിർന്നവർ കാണേണ്ട സിനിമയെന്ന് പരസ്യം ചെയ്യുകയും മാതാപിതാക്കൾ തന്നെ കുട്ടികളെകൂട്ടി എത്തുകയും ചെയ്യുന്നത് ശരിയല്ല ദിലീഷ് പോത്തൻ പറയുന്നു.

Leave a Reply