Spread the love
നേരിട്ടുള്ള വിമാന യാത്ര; എംബസിയുടെ പ്രതീക്ഷയിൽ പ്രതീക്ഷയർപ്പിക്കാതെ സൗദി പ്രവാസികൾ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ പ്രസ്താവനകളോട് കടുത്ത ഭാഷയിൽ വിമർശിച്ച് പ്രവാസികൾ.

കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡറും കോൺസുൽ ജനറലും ചേർന്ന സംഘം സൗദിയ ഡറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ സൗദി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വിവരം മാധ്യമങ്ങൾ പങ്ക് വെച്ചിരുന്നു.

എന്നാൽ പ്രസ്തുത വാർത്തയോട് കടുത്ത വിമർശനാത്മകമായ പ്രതികരണങ്ങളാണു പ്രവാസികളിൽ നിന്ന് വന്നിട്ടുള്ളത്.

അംബാസഡർ ഇനി ചർച്ചക്ക് പോകാതിരിക്കുന്നതാകും നല്ലതെന്നും വെറുതേ പ്രതീക്ഷ നൽകി പ്രവാസികളെ ബുദ്ധിമുട്ടിക്കരുതെന്നും ഒരു സംഗതിയും നടക്കില്ലെന്നുമുള്ള തരത്തിലുള്ള നിരവധി പ്രതികരണങ്ങളാണു പ്രവാസികൾ സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുള്ളത്.

അംബാസഡറുടെ ഇടക്കിടെയുള്ള പ്രതീക്ഷാ പ്രസ്താവനകൾ നിരവധി പ്രവാസികളെ പ്രയാസത്തിലാക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികളും ആരോപിക്കുന്നു.

ആദ്യ ഘട്ടത്തിൽ നേപാൾ വഴിയും ദുബായ് വഴിയും മറ്റും 60,000 രൂപക്ക് വരെ സൗദിയിലേക്ക് പോകാൻ സാധിച്ചിരുന്ന സമയം അധികൃതരുടെ ഇത്തരത്തിലുള്ള പ്രതീക്ഷ നൽകുന്ന പ്രസ്താവനയിൽ വിശ്വസിച്ച് നിരവധി പ്രവാസികൾ യാത്ര മാറ്റി വെക്കുകയും അവർ പിന്നീട് ഒന്നര ലക്ഷത്തിലധികം രൂപ മുടക്കി മറ്റു രാജ്യങ്ങൾ വഴി മടങ്ങേണ്ട ഗതികേടുണ്ടായതായും കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ ഗൾഫ് മലയാളിയുമായി പങ്ക് വെച്ചു.

ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ട സൗദി സിവിൽ ഏവിയേഷനുമായും ആഭ്യന്തര മന്ത്രാലയവുമായും നടത്തേണ്ട ചർച്ചക്ക് പകരം സൗദി എയർലൈൻസ് വിമാനക്കംബനി എം ഡിയുമായി ചർച്ച നടത്തിയിട്ട് എന്താണ് ഫലമെന്നും നിരവധി ട്രാവൽ ഏജൻസികൾ ചോദിക്കുന്നുണ്ട് .

ഏതായാലും അംബാസഡറുടെ പ്രസ്താവന ഒരു വഴിക്ക് നടക്കുംബോൾ സൗദിയിലേക്ക് തിരിച്ച് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ അധികവും മറ്റു രാജ്യങ്ങളിലൂടെയുള്ള ചുരുങ്ങിയ പാക്കേജുകൾ തിരഞ്ഞെടുത്ത് മടങ്ങുന്നത് തുടരുകയാണ്‌.

അതേ സമയം പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഇനി തീരുമാനമെടുക്കേണ്ടത് സൗദി അധികൃതരാണ് എന്നുമുള്ള നിലപാടിലാണ് അംബാസഡർ ഉള്ളത്.

Leave a Reply