ചെന്നൈ: സംവിധായകന് എ.ബി.രാജ് (രാജ് ആന്റണി ഭാസ്കര്‍ -95) അന്തരിച്ചു. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം 65 മലയാളം ചിത്രങ്ങളും 11 സിംഹള ചിത്രങ്ങളും രണ്ടു തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലാണ് അദ്ദേഹം ജനിച്ചത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ 1947 ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വര്‍ഷക്കാലം സിലോണിലായിരുന്നു.
1968ല്‍ പുറത്തിറങ്ങിയ ‘കളിയല്ല കല്യാണം’ ആണ് ആദ്യ ചിത്രം.തുടര്‍ന്ന് കണ്ണൂര്‍ ഡീലക്സ്, ഡെയ്ഞ്ചര്‍ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു, പച്ചനോട്ടുകള്‍, കഴുകന്, ഇരുമ്ബഴികള്‍, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോള്‍ ചാമ്ബ്യന്‍, ഹണിമൂണ്‍, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉള്‍പ്പടെ 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ഹരിഹരന്, ഐ.വി.ശശി, പി. ചന്ദ്രകുമാര്‍, രാജശേഖരന് തുടങ്ങിയവര്‍ എ.ബി.രാജിന്റെ ശിഷ്യരാണ്.
ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്രതാരം ശരണ്യ പൊന്‍വണ്ണന്‍, ജയപാല്‍, മനോജ് എന്നിവരാണ് മക്കളാണ്.