വിജയ് ദേവരകൊണ്ട നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’യിലൂടെ സുപരിചിതയാണ് നടി ശാലിനി പാണ്ഡെ. 2017ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി മലയാളികൾക്കിടയിലും ശ്രദ്ധനേടിയിരുന്നു. അർജുൻ റെഡ്ഡിക്ക് ശേഷം തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ശാലിനി നായികയായിട്ടുണ്ട്.അടുത്തിടെ ഒരു അഭിമുഖത്തിൽ, ശാലിനി നടത്തിയ വെളിപ്പെടുത്തൽ സിനിമ ലോകത്ത് ചർച്ചയാവുകയാണ്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘കരിയറിന്റെ തുടക്കത്തിൽ, ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഞാൻ വസ്ത്രം മാറുന്നതിനിടെ ആ സിനിമയുടെ സംവിധായകൻ കാരവാനിന്റെ വാതിൽ തുറന്ന് അനുവാദമില്ലാതെ അകത്തേക്കു കയറിവന്നു. പെട്ടന്ന് എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ അയാൾക്കു നേരെ അലറി വിളിച്ചു,” ശാലിനി പറഞ്ഞു.സംഭവം നടന്നത് തന്റെ 22-ാം വയസിലായിരുന്നു എന്നും, സംവിധായകൻ പുറത്തുപോയതിനുശേഷം താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നാണ് ആളുകൾ പറഞ്ഞതെന്നും ഒരു അഭിമുഖത്തിൽ ശാലിനി പറഞ്ഞു. കരിയറിൽ നല്ല പുരുഷന്മാരോടൊപ്പം മാത്രമല്ല, നിരവധി മോശം ആളുകളോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെന്ന് ശാലിനി കൂട്ടിച്ചേർത്തു
അതേസമയം, ശാലിനി പ്രധാന വേഷത്തിലെത്തുന്ന ‘ഇഡ്‌ലി കടൈ’ എന്ന തമിഴ് സിനിമ റിലീസിനൊരുങ്ങുകയാണ്. നടൻ ധനുഷ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാണവും ധനുഷ് തന്നെയാണ്. രാജ്കിരൺ, അരുൺ വിജയ്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.