ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട് വിട്ടയച്ചു. നേരത്തേ കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം കുഞ്ഞുമുഹമ്മദ് തള്ളിയിരുന്നു.
ചൊവ്വാഴ്ചയാണ് പി.ടി. കുഞ്ഞുമുഹമ്മദ് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഈ മാസം 20-നാണ് ലൈംഗികാതിക്രമ കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.
നവംബർ 27-ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്കെയുടെ മലയാളസിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. സെലക്ഷൻ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടൽമുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ചലച്ചിത്രപ്രവർത്തക ഇ-മെയിലിലൂടെ പരാതി നൽകിയത്. നവംബർ 27-ന് പരാതി നൽകിയെങ്കിലും ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിന് കൈമാറിയത്. തുടർന്ന് ദിവസങ്ങൾക്കുശേഷം ഡിസംബർ എട്ടിന് മാത്രമാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കാൻ വൈകിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.






