Spread the love

ലാലേട്ടൻ നായകനായി പൃഥ്വിരാജ് സംവിധാനത്തിലെത്തിയ എമ്പുരാന്റെ വൻ വിജയത്തിന് ശേഷം താരത്തിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ചിത്രത്തിന്റെതായ മിക്ക അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏപ്രില്‍ 25ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിലൂടെ 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

എമ്പുരാന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ ‘തുടരും’ ഏതുതരത്തിലുള്ള ചിത്രമാണെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് മോഹൻലാൽ ദൃശ്യവുമായി താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച ആരാധകർ തുടരും ദൃശ്യം പോലൊരു ചിത്രമാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ താരതമ്യത്തില്‍ പ്രശ്നമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍.

“ഒരു കുടുംബം, ഒരു സാധാരണക്കാരന്‍, ആളുകള്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാസന്ദര്‍ഭങ്ങള്‍ ഒക്കെ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം ദൃശ്യത്തിന്‍റെ കാര്യം പറഞ്ഞത്. ദൃശ്യം പോലെ ഒരു കള്‍ട്ട് ക്ലാസിക് സിനിമയുമായൊന്നും മത്സരിക്കാനോ താരതമ്യം ചെയ്യാനോ പറ്റില്ല. ദൃശ്യം പോലെ ഒരു സംഗതി എന്നാണ് അദ്ദേഹം പറഞ്ഞത്. കുടുംബം, മക്കള്‍ എന്നൊക്കെ പറയുമ്പോള്‍ത്തന്നെ സ്വാഭാവികമായും ഒരു ദൃശ്യം താരതമ്യം വരുമല്ലോ. പക്ഷേ ആ താരതമ്യം വന്നാല്‍ ഈ സിനിമയ്ക്ക് അത് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ആ സിനിമയില്‍ ലാലേട്ടന്‍റെ കഥാപാത്രത്തിന് കടന്നുപോകാവുന്ന മാനസികമായ സംഘര്‍ഷങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. വൈകാരികമായ കാര്യങ്ങളും. അത് വളരെ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. കൃത്യമായി അത് ക്യാപ്ചര്‍ ചെയ്യാനും പറ്റിയിട്ടുണ്ട്.

പക്ഷേ അതില്‍ ദൃശ്യം പോലെ ഒരു മിസ്റ്ററിയോ ഇന്‍വെസ്റ്റിഗേഷനോ ഒന്നുമില്ല. പക്ഷേ സിനിമയ്ക്ക് ടെന്‍ഷന്‍സ് ഉണ്ട്. ഹ്യൂമറും സംഘര്‍ഷവും നല്ല ക്യാരക്റ്റര്‍ ആര്‍ക്കുകളും ഒക്കെയുണ്ട്. അതൊക്കെവച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ വളരെ കോണ്‍ഫിഡന്‍റ് ആയിട്ടുള്ള സിനിമയാണ് തുടരും. ലാലേട്ടന്‍ സത്യസന്ധമായി പറഞ്ഞിരിക്കുന്നത് ആ സാധാരണക്കാരന്‍ സംഗതിയാണ്. പക്ഷേ അതില്‍ നിന്ന് ആളുകള്‍ എടുക്കുന്നത് ഇതൊരു മിസ്റ്ററി, ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരിക്കും എന്നതാണ്. ട്വിസ്റ്റോട് ട്വിസ്റ്റ് ആയിരിക്കും എന്നാണ്. ഒരിക്കലും ഈ സിനിമയില്‍ ട്വിസ്റ്റ് ഇല്ല”, തരുണ്‍ മൂര്‍ത്തി പറഞ്ഞവസാനിപ്പിക്കുന്നു.

Leave a Reply