കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ മേഖല പ്രതിസന്ധിയിലായതോടെ ജീവിക്കാന്‍ മറ്റ് നിര്‍ത്തിയില്ലാതെ സിനിമയ്ക്ക് പാക്ക് അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി. പ്രതാപ് പോത്തനെ മുഖ്യ കഥാപാത്രമാക്കി കാഫിര്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിനോദ് കരിക്കോട് ആണ് അതിജീവനത്തിനായി കാരിക്കോട് ജംക്ഷനില്‍ മീന്‍ കട തുടങ്ങിയത്.
ചിത്രത്തിന്റെ രചനയും വിനോദിന്റേതാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മിക്സിങ് ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. ഇതോടെ സിനിമ റിലീസ് ചെയ്യാനുള്ള സ്വപ്നവും തടസപ്പെട്ടു.
മാധ്യമപ്രവര്‍ത്തകനായ വിനോദിന് കുട്ടിക്കാലം മുതലേ സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഇതിനിടെ അവസരം ഒത്തുവന്നപ്പോള്‍ കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്ത് സിനിമ ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് സ്വപ്‌നം സാക്ഷാത്കരിക്കാതെ വരികയും അതിജീവനം വെല്ലുവിളിയാവുകയും ചെയ്തു.
ഓണ്‍ലൈന്‍ മീഡിയയില്‍ റിപ്പോര്‍ട്ടിങ്ങിന് ഇറങ്ങിത്തിരിച്ചെങ്കിലും ജീവിക്കാന്‍ മറ്റു വഴി കണ്ടെത്തണമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പഴകിയ മത്സ്യം പിടികൂടുന്നതിനു സാക്ഷിയായതും നിയോഗമായി. നല്ല മത്സ്യം നല്‍കണമെന്ന മോഹം കൂടി ഉണ്ടായതോടെയാണ് മീന്‍കട തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വിനോദ് പറയുന്നു.